റിയാദ്: കോൺഗ്രസിന്റെ സമുന്നതരായ നേതാക്കന്മാർക്കെതിരെ കള്ള കേസെടുത്തു കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമത്തെ ജനാധിപത്യ കേരളം തിരിച്ചറിയുമെന്ന് ഒഐസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വേങ്ങര വോട്ടെടുപ്പ് ദിവസം സോളാർ ബോബ് പൊട്ടിച്ചു യുഡിഎഫിനെ തകർക്കാൻ ശ്രമിച്ച പിണറായിക്ക് കേരള ജനത മാപ്പ് നൽകില്ല.

സോളാർ കേസ് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് തുടർ നടപടികളുമായി മുന്നോട്ട് പോകാത്തത്. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർ ഈ കേസ് അനേഷിക്കുന്നതിൽ കഴമ്പില്ല എന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. മിനിറ്റിനു മിനിറ്റിനു വാക്കു മാറ്റി പറയുന്ന ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസുമായി മുന്നോട്ട് പോകുന്നത് ഉചിതമാവില്ലെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ഇത്ര ധൃതി പിടിച്ചു പത്ര സമ്മേളനം നടത്തിയത് കൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടാക്കാൻ പാർട്ടിക്കായില്ല എന്നും മാത്രമല്ല, ഇനിയെന്ത് എന്ന കാര്യത്തിൽ ഗവൺമെന്റിനു വ്യക്തതയില്ലാത്ത അവസ്ഥയാണ്.

ബിജെപിക്കെതിരെ അഴിമതി ആരോപണം ശക്തമായി വരുന്നതിനിടയിലാണ് അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ സോളാർ വിഷയം അനവസരത്തിൽ പൊക്കി കൊണ്ട് വന്നു വാർത്തയാക്കുന്നത്. റ്റു സംസ്ഥാനങ്ങളിൽ ബിജെപിക്ക് പ്രതികൂലമായ കാലാവസ്ഥ രൂപപ്പെട്ടു വരുമ്പോൾ അതിൽ നിന്നെല്ലാം രക്ഷ നേടുന്നതിന് അവർ സോളാർ കേസ് ഉപയോഗപ്പെടുത്തുകയാണ്. ഇതിനു ബിജെപിക്ക് അവസരം നൽകിയത് പിണറായി വിജയനാണ്. ഇതിനു മുഖ്യമന്ത്രി കനത്ത വില നൽകേണ്ടിവരുമെന്നു യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. സോളാർ കേസ് കോൺഗ്രസ് നിയമപരമായി നേരിടുമെന്നും സ്ഥിരമായി വാക്കു മാറ്റി പറയുന്ന ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമൂഹത്തിലെ ഉന്നതരായ വ്യക്തികൾക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള ശുപാർശ ആത്മഹത്യാപരമാണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഷിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനി കടവ് അധ്യക്ഷത വഹിച്ചു. യോഗം പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്‌ഘാടനം ചെയ്തു. അബ്ദുല്ല വല്ലാഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സജി കായംകുളം, മുഹമ്മദലി മണ്ണാർക്കാട്, നവാസ് വെള്ളിമാട്കുന്ന്, ഷംനാഥ് കരുനാഗപ്പള്ളി, അസ്‌കർ കണ്ണൂർ, മുസ്തഫ പാണ്ടിക്കാട്, മുനീർ കൊക്കലൂർ, കെഎംസിസി നേതാക്കളായ മൊയ്തീൻ കോയ, അർശുൽ അഹമ്മദ്, കെ.കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു. റസാഖ് പൂക്കോട്ടുംപാടം, ശുകൂർ ആലുവ, ജോർജ് എറണാംകുളം, ഷംശുദ്ദീൻ ഏഴംകുളം തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി ബാസ്റ്റിൻ സ്വാഗതവും സജ്ജതഖാൻ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ