മനാമ: പുകവലിയുടെ അപകടത്തെ കുറിച്ചു സഹപാഠികള്‍ പരസ്പരം ബോധവല്‍ക്കരിക്കുന്ന പദ്ധതി വിദ്യാലയങ്ങളില്‍ നടപ്പാക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഫഈഖ സഈദ് അല്‍ സലേഹ് പറഞ്ഞു. പുകവലിയുടെ അപകടം പുതിയ തലമുറയില്‍ പ്രചരിപ്പിക്കുന്നതിനു ദേശീയ സമിതിയുടെ ലക്ഷ്യം ഫലം കാണുന്നതിനു വിപുലമായ ശ്രമങ്ങള്‍ ആവശ്യമാണെന്നു മന്ത്രി പറഞ്ഞു. അനാരോഗ്യകരവും അപകടകരവുമായ പുകവലിയെന്ന ദുശ്ശീലത്തില്‍ നിന്നു ജനങ്ങളെ മോചിപ്പിക്കാന്‍ വ്യാപകമായ ബോധ വല്‍ക്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ദേശീയ പുകവലി വിരുദ്ധ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മന്ത്രാലയം പ്രാഥമിക, പൊതുജനാരോഗ്യ കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. മറിയം അല്‍ ഹാജെരി, സര്‍ക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യവ്യാപകമായി പുകവലി വിരുദ്ധ ബോധ വല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനെ കുറിച്ചു കമ്മിറ്റി ചര്‍ച്ച ചെയ്തു. കഴിഞ്ഞ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കിയതു വിലയിരുത്തിയ യോഗം മിനുട്‌സിന് അംഗീകാരം നല്‍കി. യോഗത്തിലെ അജണ്ടയെ മുന്‍ നിര്‍ത്തി വിവിധ വിഷയങ്ങള്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്തു.

പുകവലിക്കെതിരെ മന്ത്രാലയം നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികള്‍ യോഗം അവലോകനം ചെയ്തു. പൊതു സ്വകാര്യ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുകവലി വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.

കാറിനും വീടിനും തീയിട്ട പ്രതിക്ക് മൂന്നു വര്‍ഷം തടവു വിധിച്ചു
മനാമ: വീടിനും വീടിനു മുന്നില്‍ നിർത്തിയിട്ട കാറിനും തീയിട്ട കേസില്‍ ഒരാള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവു വിധിച്ചു. സംഭവത്തില്‍ 2000 ദിനാറിന്റെ നഷ്ടമാണുണ്ടായത്. 20 വയസ്സുള്ള ബഹ്‌റൈനി പൗരനാണു കേസിലെ പ്രതി. വീട്ടില്‍ നിന്നു വളര്‍ത്തു പക്ഷികളെ മോഷ്ടിക്കാനെത്തിയ പ്രതി ശ്രമം പരാജയപ്പെട്ട ദേഷ്യത്തിനു വീടിനും കാറിനും തീയിടുകയായിരുന്നുവെന്നാണു കേസ്.

പ്രതിയോടൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോള്‍ വീട്ടുടമ വിദേശത്തായിരുന്നു. വീടിന്റെ മതില്‍ ചാടിക്കടന്നു പക്ഷികളെ മോഷ്ടിക്കാന്‍ എത്തിയതായും എന്നാല്‍ ഒഴിഞ്ഞ കൂടുമാത്രമാണ് അവിടെ കാണാനായതെന്നും പ്രതികള്‍ മൊഴി നല്‍കി. പിന്നീട് ലൈറ്റര്‍ ഉപയോഗിച്ചു കൂടിനു തീയിട്ടു. അപ്പോഴാണ് അവിടെ സിസിടിവി ക്യാമറ കണ്ടത്. ഉടനെ അതു തകര്‍ക്കുകയും ചെയ്തു. നേരത്തെ 31 ഓളം കേസുകളില്‍ ഉള്‍പ്പെട്ടയാളാണു പ്രതി. വിവിധ കേസുകളിലായി പ്രതി 20 വര്‍ഷത്തോളം തടവ് അനുഭവിക്കേണ്ടി വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook