റിയാദ്: സൗദി അറേബ്യയിൽ അഞ്ച് വർഷമായി ബഖാല (മിനി സൂപ്പർ മാർക്കറ്റ്) നടത്തിവരുന്ന വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ സ്വതന്ത്ര ഇഖാമ നൽകുക എന്നത് സ്മാൾ ആൻഡ് മീഡിയം എന്റർപ്രസിസസ് ജനറൽ അതോറിറ്റിയുടെ നിർദേശം മാത്രമാണ്. ഈ നിർദേശം നിയമായി പ്രാബല്യത്തിൽ വന്നിട്ടില്ല. ഈ നിർദേശം നിയമമായി നടപ്പാക്കുമോ എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതേസമയം ബഖാലകൾക്ക് സ്വതന്ത്ര ലൈസൻസും ഉടമകൾക്ക് സ്ഥാപനത്തിന്റെ പേരിൽ ഇഖാമ നൽകുമെന്നും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചില്ലറ വിൽപന മേഖലയിലെ വലിയൊരു ഭാഗവും ബിനാമി ബിസിനസായാണ് നടക്കുന്നത്. സ്വതന്ത്ര ഇഖാമ നൽകുക വഴി ഈ നിയമ വിരുദ്ധ കച്ചവട രീതി അവസാനിപ്പിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം നൽകാനും കഴിയുമെന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ. അതിനായി നിയമം കൊണ്ടുവരണമെന്നാണ് നിർദേശം. നിലവിൽ 29 ശതമാനം വിദേശികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. 70 ശതമാനവും സ്വദേശികളെ മുന്നിൽ നിർത്തി വിദേശികൾ ചെയ്യുന്ന ബിനാമി സ്ഥാപനങ്ങളാണെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.

ഈ അവസ്ഥക്ക് മാറ്റം വരുത്തുന്നതിന് നിരവധി നിർദേശങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്. അതിൽ പ്രധാനപ്പെട്ട ഒന്ന് മാത്രമാണ് സ്വാതന്ത്ര ഇഖാമ നൽകുന്നത്. ബിനാമി ബിസിനസ് അവസാനിപ്പിക്കാനുള്ള കർമ്മ പദ്ധതി ആദ്യ പരീക്ഷണം ബഖാലകളിൽ വിജയിച്ചാൽ മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാമെന്നും അതോറിറ്റി പറയുന്നു. 2016 ൽ 2003 ബിനാമി പരാതികളാണ് രേഖപ്പെടുത്തിയത്. ഇതിൽ 450 ബിനാമി കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി. ഇരുപത്തിയേഴ് കേസുകളിലെ പ്രതികൾ ശിക്ഷിക്കപ്പെട്ടു. റജിസ്റ്റർ ചെയ്യുന്ന ബിനാമി കേസുകൾ അതിവേഗം തീർപ്പ് കൽപ്പിക്കാൻ പ്രത്യേക ജുഡീഷ്യൽ വകുപ്പ് രൂപീകരിക്കണമെന്നും നിർദേശത്തിലുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ