മനാമ: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ അനിവാര്യത വിളംബരം ചെയ്ത് ബഹ്‌റൈനിലും എസ്‌കെഎസ്എസ്എഫിന്റെ മനുഷ്യജാലിക. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 40 കേന്ദ്രങ്ങളിലായി എസ്‌കെഎസ്എസ്എഫ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക സംഗമങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനിലും മനുഷ്യജാലിക നടന്നത്.

മനാമയില്‍ നടന്ന മനുഷ്യജാലിക സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതങ്ങളുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മാനവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതകള്‍ അദ്ദേഹം വിവരിച്ചു.

നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ഗോവധം, ദേശീയത തുടങ്ങി ഇന്ന് ഇന്ത്യയില്‍ നടക്കുന്ന മിക്ക വിവാദങ്ങള്‍ക്കു പിന്നിലും കൃത്യമായ ചില രാഷ്ട്രീയ അജണ്ടകളുണ്ടെന്നും ഭരണകൂടത്തിന്റെ പിന്തുണയോടെ ചില തീവ്രവാദ ഭീകരവാദ സംഘടനകളുടെയും പാര്‍ട്ടികളുടെയും കീഴില്‍ നടക്കുന്ന ഇത്തരം അരുതായ്മകളെ രാജ്യത്തെ ബഹു ഭൂരിപക്ഷം ജനങ്ങളും പിന്തുണക്കുന്നില്ലെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ചടങ്ങില്‍ സാംസ സാംസ്‌കാരിക വേദി മുന്‍ പ്രസിഡന്റ് ശൈലേഷ്, കെഎംസിസി ബഹ്‌റൈന്‍ പ്രസിഡന്റ് എസ്.വി.ജലീല്‍, ചെമ്പന്‍ ജലാല്‍ (ഒഐസിസി), സാമൂഹ്യപ്രവര്‍ത്തകരായ റഫീഖ് അബ്ദുല്ല, കെ.ടി.സലീം, സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഭാരവാഹികളായ എസ്.എം.അബ്ദുല്‍ വാഹിദ്, വി.കെ.കുഞ്ഞുമുഹമ്മദ് ഹാജി, മുസ്തഫ കളത്തില്‍, ശഹീര്‍ കാട്ടാന്പള്ളി എന്നിവരും സമസ്തയുടെ വിവിധ ഏരിയാപോഷക സംഘടനാ പ്രതിനിനിധികളും നേതാക്കളും പങ്കെടുത്തു.

എസ്കെഎസ്എസ്എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് അഷ്‌റഫ് അന്‍വരി ചേലക്കര അധ്യക്ഷത വഹിച്ചു. മനുഷ്യ ജാലിക തീര്‍ക്കലിനും പ്രതിജ്ഞക്കും അദ്ദേഹം നേതൃത്വം നല്‍കി. ഹാഫിള് ശറഫുദ്ദീന്‍ മൗലവി ഖിറാഅത്ത് നടത്തി. ഓര്‍ഗനൈസിങ് സെക്രട്ടറി നവാസ് കൊല്ലം സ്വാഗതവും സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook