മനാമ: എസ്കെഎസ്എസ്എഫ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള വൈവിധ്യമാര്‍ന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ (ഓക്ടോബർ10) ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. എസ്കെഎസ്എസ്എഫിന്‍റെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത്തെ ഗ്ലോബല്‍ മീറ്റാണ് ബഹ്റൈനിലെ മനാമ സമസ്ത ആസ്ഥാനത്ത് നടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള എസ്കെഎസ്എസ്എഫ് കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ക്കു പുറമെ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ബഹ്റൈനിലെ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനെത്തും.

2016ല്‍ അബുദാബിയിലാണ് എസ്കെഎസ്എസ്എഫിന്റെ പ്രഥമ ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നതെന്ന് എസ്കെഎസ്എസ്എഫ് ബഹ്റൈന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രഥമ ഗ്ലോബല്‍ മീറ്റില്‍ അംഗീകരിച്ച 3 പദ്ധതികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സിവില്‍ സര്‍വീസ് പരിശീലനത്തിനുള്ള സ്മാര്‍ട്ട് പദ്ധതി, സംസ്ഥാനത്തെ മതകലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് യുപിഎസ്സി, സിവില്‍ സര്‍വിസ് പരിശീലനം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നിവയാണവ. ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും കര്‍മ പരിപാടികള്‍ ഫലപ്രദമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗള്‍ഫ് സത്യധാര വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക് കൂടി എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 20ന് അബുദാബിയില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബഹ്‌റൈനില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഗ്ലോബല്‍ മീറ്റിനായി വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനായി സമസ്ത ബഹ്റൈന്‍ ഘടകവും എസ്കെഎസ്എസ്എഫും ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. കാലത്ത് 9.30 മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഗ്ലോബല്‍ മീറ്റിന്റെ ബഹ്റൈന്‍ തല പ്രചരണം ഇന്നു മുതല്‍ ആരംഭിക്കും. ബഹ്റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ പ്രത്യേക പ്രചരണ പരിപാടികളും ഇന്നു മുതല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, +973-39533273. 33450553.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook