/indian-express-malayalam/media/media_files/uploads/2017/07/chandriak-and-son-in-bahrain.jpg)
മനാമ: ചൂട് കനത്തു വന്നു; കൊടും ചൂടില്‍ വെന്തുരുകി യുവതിയും മകനും. ഭക്ഷണം കിട്ടാതെ കരഞ്ഞു തളര്‍ന്ന മകന്‍. എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തകര്‍ന്ന് അമ്മ. അപകടത്തില്‍ യുവതിയുടെ കാല്‍ തകര്‍ന്നത് കുടുംബത്തിന്റെ ദുരിതം ഇരട്ടിച്ചു. ബഹ്‌റൈനില്‍ കറന്റും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ നരകതുല്യ ജീവിതം നയിച്ച യുവതിയും മകനും മനുഷ്യസ്‌നേഹികളുടെ കൈതാങ്ങില്‍ നാടണഞ്ഞു.
ഭാര്യയെയും മകനെയും ഉപേക്ഷിച്ച് ഭര്‍ത്താവ് പോയതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി കുടുംബത്തിലെ അംഗമായ ചന്ദ്രികയ്ക്കും മകന്‍ നന്ദുവിനും ജീവിതം നരക തുല്യമായത്. ബഹ്‌റൈനില്‍ ഒരു കമ്പനിയില്‍ സൂപ്പര്‍ വൈസറായിരുന്ന ശ്രീലങ്കന്‍ സ്വദേശി മുരുകനായിരുന്നു ഇവരുടെ ഭര്‍ത്താവ്. ഒരു ഗോഡൗണിനു മുകളില്‍ ടെറസില്‍ ഒറ്റമുറി വീട്ടില്‍ കറണ്ടും വെള്ളവും ആഹാരവും ഇല്ലാതെയായിരുന്നു ഇവര്‍ കഴിഞ്ഞത്. 'വീട്ടുവാടകയും കറണ്ടു ബില്ലും അടയ്ക്കാനോ ഭക്ഷണത്തിനോ വകയില്ലാതെ മാസങ്ങളോളം കഴിയുന്ന അവസ്ഥയിലായിരുന്നു കുടുംബം'. ഈ ദാരുണാവസ്ഥയറിഞ്ഞ് സാമൂഹ്യ പ്രവര്‍ത്തകരായ സലാം മമ്പാട്ടുമൂല, മാനു തുവ്വൂര്‍ എന്നിവര്‍ എന്നിവരുടെ നേതൃത്വത്തില്‍ മനുഷ്യ സ്‌നേഹികളെ സംഘടിപ്പിച്ചാണ് ഈ കുടുംബത്തിനു ഭക്ഷണവും സഹായവും എത്തിച്ചത്.
ഭര്‍ത്താവ് പോയ ശേഷം വരുമാനം നിലച്ച് കുടുംബം ദുരിതത്തിലായിരുന്നു. ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന നന്ദു മാസങ്ങളായി സ്‌കൂളില്‍ പോയില്ല. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച നന്ദു സ്‌കൂളില്‍ പോകാതിരുന്നിട്ടും സ്‌കൂള്‍ അധികൃതര്‍ പോലും അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്.
മകന്‍ സ്‌കൂള്‍ വിട്ടു വരുന്നതു കാത്തിരുന്ന ചന്ദ്രികയെ ഒരു ദിവസം അജ്ഞാത വാഹനം ഇടിച്ചിട്ടു പോയി. ഇതോടെ കാലിനു പരുക്കേറ്റ ചന്ദ്രിക കറണ്ടും വെള്ളവും ഇല്ലാത്ത മുറിയില്‍ മകനോടൊപ്പം ദുരിത ജീവിതം നയിക്കുകയായിരുന്നു. സിപിആര്‍ ഭര്‍ത്താവ് കൊണ്ടു പോയതിനാല്‍ ഇവര്‍ക്കു ചികില്‍സ ലഭിച്ചില്ല. സാമൂഹ്യ പ്രവര്‍ത്തകര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും മരുന്നും അവശ്യ സേവനവും എത്തിക്കുകയും ചെയ്തു. തുടര്‍ന്നു പലരുടേയും സഹായത്തോടെ ഇവരെ നാട്ടിലേക്ക് അയക്കുകയായിരുന്നു.
എറണാകുളം സ്വദേശിനിയായ ചന്ദ്രികയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു ശ്രീലങ്കയിലേക്കു കുടിയേറിയവരാണ്. ശ്രീലങ്കന്‍ സ്വദേശി മുരുകനെ വിവാഹം കഴിച്ചാണ് ചന്ദ്രിക ബഹ്‌റൈനില്‍ എത്തിയത്. 15 വര്‍ഷത്തോളം ബഹ്‌റൈനില്‍ നല്ല നിലയില്‍ കഴിഞ്ഞുവരികയായിരുന്നു കുടുംബം. ഇതിനിടെയിലാണു ഭര്‍ത്താവ് ബഹ്‌റൈനില്‍ മറ്റൊരു ശ്രീലങ്കന്‍ യുവതിയുമായി അടുപ്പത്തിലായിത്. ഒരു ദിവസം പൊടുന്നനെ ഇദ്ദേഹവും അടുപ്പമുണ്ടായിരുന്ന സ്ത്രീയും ബഹ്‌റൈനില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് പറയുന്നു. ചന്ദ്രികയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഒരു സഹോദരന്‍ ശ്രീലങ്കയില്‍ ഉണ്ട്.
വിസ ക്യാന്‍സലായ നിലയിലായിരുന്നു ചന്ദ്രികയും മകനും. ഭര്‍ത്താവ് പോയശേഷം ഇവരെ വാഹനം ഇടിച്ചതും ആസൂത്രിതമാണെന്ന് അവർ സംശയിക്കുന്നു. സംഭവത്തിന് ശേഷം സഹാനുഭൂതിയുമായി എത്തിയ പലരും ചൂഷണത്തിനു ശ്രമിച്ചതായും പരാതിയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.