ജിദ്ദ: സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം (സിഫ് ) ജിദ്ദയിൽ സംഘടിപ്പിച്ച സൗഹൃദ മത്സര പരമ്പരയിലെ ഓഗസ്റ്റ് 25 വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലൂ സ്റ്റാർ, എസിസിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന വിജയികൾക്കു വേണ്ടി അനസ് ആദ്യ ഗോൾ നേടിയപ്പോൾ പെനാൽറ്റിയിലൂടെ നബീലിന്റെ വകയായിരുന്നു രണ്ടാമത്തെ ഗോൾ, എ സി സി യുടെ ആശ്വാസ ഗോൾ ജുനൈദിന്റെ വകയായിരുന്നു.

ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ നേരിയ മുൻ‌തൂക്കം എസിസിക്കായിരുന്നു. ഫിനിഷിങ്ങിലെ പിഴവാണ് അവർക്കു പലപ്പോഴും വിനയായത്, മറു ഭാഗത്തു പ്രതിരോധ നിരയുടെ മികവാണ് പലപ്പോഴും ബ്ലൂ സ്റ്റാറിന്റെ രക്ഷക്കെത്തിയത്.

സിഫ് വെറ്ററൻസ് ഇലവനും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറവും തമ്മിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മീഡിയ ഫോറം സിഫ് ഇലവനെ തകർത്തത്. മീഡിയ ഫോറത്തിന് വേണ്ടി ഹനീഫ, ഷാക്കിർ സികെ, ഇസ്ഹാഖ് വലനാട് എന്നിവർ ഗോൾ സ്കോർ ചെയ്‍തപ്പോൾ മുനീർ മുസ്ലിയാരകത്തിന്റെ വകയായിരുന്നു സിഫ് ഇലവന്റെ ആശ്വാസ ഗോൾ. മുൻ സീനിയർ സ്റ്റേറ്റ് കളിക്കാരനായ സഹീർ പുത്തൻ, മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മുനീർ മുസ്ലിയാരകത്ത്, ഫാറൂഖ് കോളജിനു വേണ്ടി കളിച്ചിട്ടുള്ള അയൂബ് മുസ്ലിയാരകത്ത്, കെ.സി. മൻസൂർ തുടങ്ങിയ പ്രഗത്ഭ കളിക്കാരുമായി കളത്തിലിറങ്ങിയ സിഫ് ഇലവനെതീരെ തുടക്കം മുതലേ ആക്രമിച്ചു കളിക്കുക എന്ന തന്ത്രമാണ് മീഡിയ ഫോറം പുറത്തെടുത്തത്.

ജിദ്ദ ഇന്ത്യൻ മീഡിമീഡിയ ഫോറം

മീഡിയ ഫോറത്തിന് വേണ്ടി മുൻ നിരയിൽ നിറഞ്ഞു കളിച്ച ഷാക്കിർ സികെ, പ്രതിരോധ നിരയിൽ കബീർ കൊണ്ടോട്ടിയും ഗോൾ ബാറിന് കീഴിൽ ശംസുദ്ദീൻ കോഴിക്കോടും ഉജ്ജ്വല ഫോമിലായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ച സഹീർ, മുനീർ, അയൂബ് കൂട്ട് കെട്ടിന്റെ തുടരെയുള്ള ആക്രമണങ്ങൾ പക്ഷെ മീഡിയ ഫോറം ഗോൾ കീപ്പർ ശംസുദ്ദീൻ കോഴിക്കോടിന്റെ കൈ കരുത്തിനു മുന്നിൽ നിഷ്പ്രഭമായി. പി.എം.മായിൻകുട്ടി, സുൽഫിക്കർ ഒതായി, മുസ്തഫ പെരുവള്ളൂർ, പി.കെ.സിറാജ്, നാസർ കാരകുന്ന് തുടങ്ങിയവരും മീഡിയ ഫോറത്തിന് വേണ്ടി കളിക്കളത്തിലിറങ്ങി. സിഫിന്റെ മുൻ പ്രസിഡന്റ് ഹിഫ്‌സു റഹ്‌മാനായിരുന്നു മീഡിയ ഫോറം ടീമിന്റെ കോച്ച്. ജലീൽ കണ്ണമംഗലം ടീം മാനേജർ ആയിരുന്നു.

കളിക്കാർക്ക് കൂടുതൽ അവസരമൊരുക്കുന്നതിനും ജിദ്ദയിലെ ഫുട്ബോൾ ആരാധകർക്ക് കൂടുതൽ കളി കാണുന്നതിനുള്ള അവസരമൊരുക്കുന്നതിന് വേണ്ടി ഈ വർഷം മുതൽ സിഫ് തുടക്കമിട്ടതാണ് സൗഹൃദ മത്സര പരമ്പര, പരമ്പരയിൽ ഏതാനും മത്സരങ്ങൾ കൂടിയുണ്ടാവുമെന്നു സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ