അബുദാബി: കടലും പാറക്കെട്ടുകളും മരുഭൂമിയും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരിടം. കാഴ്ചകളുടെ പറുദീസയാണു യുഎഇയിലെ ശുവൈഹത്ത് ദ്വീപ്. ശാന്തവും അതിസുന്ദരവുമായ ഈ നീലക്കടല്‍ യൂറോപ്യന്‍ തീരങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്.

യുഎഇയില്‍നിന്നു സൗദിയിലേക്കുള്ള വഴിയായ ഗുവൈഫത്ത് റോഡിലൂടെയാണു ശുവൈഹത്ത് ദ്വീപിലേക്കു പോകേണ്ടത്. നാലു മണിക്കൂറോളം യാത്രചെയ്ത് വലത്തോട്ടുള്ള ചെറുപാതയിലൂടെ പോയാല്‍ ചെന്നെത്തുക സൈനിക ക്യാമ്പിനു മുന്നില്‍. അവിടെനിന്നു വലത്തോട്ടു തിരിഞ്ഞ് ടാര്‍ ചെയ്യാത്ത റോഡിലൂടെ അല്‍പ്പം മുന്നോട്ടുപോയാല്‍ ദ്വീപിലെത്താം.

ദ്വീപിലേക്കു കടക്കുമ്പോള്‍ തന്നെ ഉയര്‍ന്ന പാറക്കല്ലുകള്‍ കാണാം. തുടര്‍ന്ന് കാഴ്ചകളുടെ കടല്‍ത്തീരത്തെത്താം. ആര്‍ത്തലച്ചുവരുന്ന തിരമാലകളില്ല, നീലവിരിച്ച പോലെയുള്ള കടലില്‍ കുഞ്ഞോളങ്ങള്‍ മാത്രം. അധികം ആഴമില്ലാത്ത, ഇവിടെ തെളിഞ്ഞ വെള്ളമാണുള്ളത്. അതുകൊണ്ടു തന്നെ ധൈര്യപൂര്‍വം കടലിലിറങ്ങി നീന്തിത്തുടിക്കാം.

Shuweihat Island UAE, ശുവൈഹത്ത് ദ്വീപ്, UAE tourism, യുഎഇ ടൂറിസം, Abu Dhabi, അബുദാബി, UAE, യുഎഇ, Ghuweifat road UAE, ഗുവൈഫത്ത് റോഡ്, Shuweihat military base UAE, ശുവൈഹത്ത് സൈനിക താവളം , IE Malayalam, ഐഇ മലയാളം

കടലിലിറങ്ങുമ്പോള്‍ നിറയെ കാഴ്ചകളാണു ചുറ്റും. അങ്ങകലെ തുരുത്തുപോലെ ഉയര്‍ന്നുനില്‍ക്കുന്ന ചെറുദ്വീപുകള്‍. ചുറ്റിലും, കടലിലേക്ക് ഏതുനിമിഷവും വീഴുമെന്ന രീതിയില്‍ ചെങ്കുത്തായി നില്‍ക്കുന്ന പാറകള്‍.

സൂര്യാസ്തമയമാണ് ഈ ദ്വീപിലെ അതിമനോഹര കാഴ്ചകളിലൊന്ന്. പാറക്കെട്ടില്‍ കയറിയുള്ള സൂര്യസ്തമയക്കാഴ്ച അതുല്യമായ ദൃശ്യാനുഭവമാണു സമ്മാനിക്കുക. പരന്നുകിടക്കുന്ന കടലിനെ ചുംബിക്കുന്ന ചുവപ്പുസൂര്യനും ചുറ്റും ചുവപ്പുകൂന പോലെ തോന്നിപ്പിക്കുന്ന പാറക്കെട്ടുകളും മനസില്‍ നിറയ്ക്കുന്നതു മായ്ക്കാനാവാത്ത മനോഹരചിത്രം. ആ കാഴ്ചയും ശരീരത്തെ തണുപ്പിക്കുന്ന കാറ്റും വല്ലാത്തൊരു ഉന്മേഷം പകര്‍ന്നുനല്‍കും. കടലില്‍ ആര്‍ത്തുല്ലസിക്കാനും കരയില്‍ ബാര്‍ബിക്യൂ തയാറാക്കാനും മിക്ക വാരാന്ത്യങ്ങളിലും നല്ല തിരക്കാണ്.

സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലമായതിനാല്‍ ദ്വീപില്‍ ചില നിയന്ത്രണങ്ങളുണ്ട്. വലിയ ബഹളങ്ങളോ ഡ്രോണ്‍ മുതലായ ഉപകരണങ്ങളോ അനുവദനീയമല്ല. കമ്പിവേലികൊണ്ട് വേര്‍തിരിച്ച ഭാഗങ്ങളിലേക്കു കടക്കുന്നതു ശിക്ഷാര്‍ഹമാണ്. ഇവിടെ രാത്രി താമസിക്കരുതെന്നാണു നിയമം. എന്നാല്‍ ചിലരെങ്കിലും ടെന്‍ഡ് കെട്ടി താമസിക്കാറുണ്ട് . വലിയ ഉപദ്രവമല്ലാത്തതുകൊണ്ട് അധികൃതര്‍ കര്‍ശന നടപടി എടുക്കാറില്ല.

ശുവൈഹത്ത് ദ്വീപിലേക്കുള്ള യാത്രയ്ക്ക് ചില മുന്‍കരുതലുകള്‍ നല്ലതാണ്. റുവൈസ് കഴിഞ്ഞാല്‍ പിന്നെ ഭക്ഷണശാലകളില്ല. അതിനാല്‍ റുവൈസില്‍നിന്ന് ആവശ്യമുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങണം. പെട്രോള്‍ സ്റ്റേഷന്റെ അവസ്ഥയും അതുതന്നെ. അപൂര്‍വ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണു ശുവൈഹത്ത്. ദ്വീപിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ ഇവിടെ സഞ്ചാരികള്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപേക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook