scorecardresearch
Latest News

വേനൽക്കാലത്ത് വിനോദിക്കാം, സഞ്ചാരികളെ സ്വീകരിക്കാൻ ഷാർജയിലെ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ

‘ഷാർജ സമ്മർ’ പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ ക്യമ്പുകളും ഓഫറുകളുമായി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങിയിരിക്കുന്നത്.

വേനൽക്കാലത്ത് വിനോദിക്കാം, സഞ്ചാരികളെ സ്വീകരിക്കാൻ ഷാർജയിലെ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ

വേനൽച്ചൂടിനെ വെല്ലുന്ന വിരുന്നുകളൊരുക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഷാർജ. കലയും വിനോദവും വിജ്ഞാനവും തമാശയും ഒരുപോലെ ഒന്നിക്കുന്ന വിവിധ ക്യാമ്പുകളും ഓഫറുകളുമായി സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ‘ഷാർജ സമ്മർ’ പ്രചാരണത്തിന്റെ ഭാഗമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്‌)യുടെ നേതൃത്വത്തിലാണ് വേനൽവിരുന്നുകൾ ഒരുങ്ങുന്നത്.

ഷാർജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും വേനൽകാല പ്രത്യേകതകളും:

 

അൽ ഖസ്ബ

Al Qasba tourist center spot in Sharjah

ഷാർജയിലെ കുടുംബങ്ങളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രമായ അൽ ഖസ്ബയിൽ വേനൽക്കാലത്തും തിരക്കിനു കുറവില്ല. വൈകുന്നേര കാറ്റും ആസ്വദിച്ചുള്ള ബോട്ട് യാത്രയും വിശ്രമകേന്ദ്രങ്ങളും കുട്ടികൾക്കായുള്ള പാർക്കുമെല്ലാം ആഘോഷഭരിതമാവുന്നു.

ഇതോടൊപ്പം ആഗസ്ത് പതിനാറു വരെ നീണ്ടു നിൽക്കുന്ന കുട്ടികൾക്കായുള്ള ‘സമ്മർ ക്യാംപ്’ ഒരുക്കിയിട്ടുണ്ട്. റോബോട്ടിക്‌സ്, ഇലക്ട്രോണിക്സ്, ത്രീഡി ചിത്രരചന, മൊബൈൽ ആപ്പ് രൂപകൽപന തുടങ്ങി അറിവിന്റെ പുത്തൻ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുന്ന സെഷനുകളാണ് ക്യാമ്പിന്റെ പ്രേത്യേകത. വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ ദിവസേനെ മൂന്നു സെഷനുകളായാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. അഞ്ചു മുതൽ എട്ടു വരെ പ്രായമുള്ളവർക്കും എട്ടിന് മുകളിൽ പ്രായമുള്ളവർക്കും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിട്ടാണ് പരിശീലനം. മുഴുവൻ ദിവസം നീണ്ടു നിൽക്കുന്നതും, പകുതി ദിവസം ദൈർഘ്യമുള്ളതുമായ പരിശീലനത്തിന് പ്രോത്സാഹനമായി സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിക്കും. മസ്റ അൽ ഖസ്ബ തീയറ്ററിൽ വെച്ച് നേതൃപാടവം, ആശയ വിനിമയം, ലൈഫ് സ്‌കിൽസ് എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്‌ളാസുകളുമുണ്ട്.

മെലീഹ ആർക്കിയോളജിക്കൽ സെന്റർ

Mleiha tourist center in Sharjah

സാഹസിക സഞ്ചാരികൾക്കും ചരിത്രകുതുകികൾക്കും ഒരുപോലെ പ്രിയപ്പെട്ട മെലീഹയിലെ വേനൽക്കാല ആഘോഷങ്ങൾ സെപ്റ്റംബർ വരെ നീണ്ടു നിൽക്കും. മരുഭൂമിയിലെ ഉൾവഴികളിലൂടെയുള്ള കുതിര സവാരിയാണ് മെലീഹയിലെ ഏറ്റവും പുതിയ വിശേഷം. അസ്തമയ കാഴ്ചകൾ ആസ്വദിച്ചു മരുഭൂമിയിലൂടെ കുതിര സവാരി നടത്താനും ഉദയക്കാഴ്ചകൾ തേടി മരുഭൂമിയിലൂടെ ഉള്ളറകളിലേക്ക് സഞ്ചരിക്കാനുമുള്ള പ്രേത്യക പാക്കേജുകളുണ്ട്. രാത്രിയിൽ പ്രകാശപൂരിതമാവുന്ന മരുഭൂമിയിലെ ആകാശം ആസ്വദിച്ചുള്ള രാത്രികാല സവാരിയുമുണ്ട്.

ഫൊട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് രാത്രിയാകാശവും വിദൂര നക്ഷത്ര വിസ്മയങ്ങളും പകർത്താൻ പാകത്തിലുള്ള പരിശീലനപരിപാടിയും മെലീഹയുടെ വേനൽക്കാല സമ്മാനമാണ്. ഫൊട്ടോഗ്രഫിയോടൊപ്പം കാണുന്ന, പകർത്തുന്ന കാഴ്ചകളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകളും വിദഗ്ധരിൽ നിന്ന് നേരിട്ടറിയാം.

ഷാർജയുടെയും യുഎഇയുടെയും നൂറ്റാണ്ടുകൾ മുൻപുള്ള ജീവിതങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ചരിത്ര മ്യൂസിയത്തിലെ കാഴ്ചകൾ, ഡെസേർട്ട് സഫാരി, സൈക്കിൾ റൈഡ്, സാഹസിക സഞ്ചാരാനുഭവങ്ങൾ, ചരിത്ര ശേഷിപ്പുകളിലൂടെയുള്ള ടൂർ തുടങ്ങി മറ്റനവധി വിശേഷങ്ങളും മെലീഹയിലുണ്ട്.

അൽ മജാസ് വാട്ടർ ഫ്രണ്ട്

Al Majaz Waterfront tourist center in Sharjah

വൈവിധ്യമാർന്ന രുചിയുടെ മേളമൊരുക്കുന്ന വൈകുന്നേരങ്ങളാണ് ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ടിന്റെ സവിശേഷത. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന വർണാഭമായ ജലധാരയും പാർക്കും ഇരിപ്പിടങ്ങളും ഖാലിദ് ലഗൂണിന്റെ മനോഹരകാഴ്ചയുമെല്ലാം മജാസിനെ കൂടുതൽ സുന്ദരിയാക്കുന്നു.

‘ഷാർജ സമ്മർ’ പ്രചരണത്തിന്റെ ഭാഗമായൊരുക്കിയ ‘സമ്മർ സ്പ്ലാഷ് പാർട്ടി’യാണ് മജാസിലെ വേനൽക്കാല ആകർഷണം. സമ്മാനപ്പൊതികൾ, സ്ക്രാച്ച് ആൻഡ് വിൻ മത്സരങ്ങൾ തുടങ്ങിയ സർപ്രൈസുകൾ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. കുട്ടികൾക്കായുള്ള പാർക്കും ജല വിനോദങ്ങളും ഇവിടെയുണ്ട്. വെള്ളം നിറക്കുന്ന ബലൂണുകളും തോക്കുകളും വിൽക്കുന്ന കടകളും കുസൃതികളായ കുട്ടിക്കൂട്ടങ്ങളും ചേരുമ്പോൾ അൽ മജാസിലെ വൈകുന്നേരങ്ങൾ ഉത്സവതുല്യമാണ്. ഖാലിദ് ലഗൂണിലൂടെ ബോട്ട് സവാരി നടത്താനും അവസരമുണ്ട്.

അൽ നൂർ ഐലൻഡ്

Al Noor Island tourist center in Sharjah

വേനൽച്ചൂടിലും പച്ചപ്പിന്റെ വിരുന്നൊരുക്കുന്ന മരുഭൂമിയിലെ അത്ഭുതമാണ് ഖാലിദ് ലഗൂണിലെ അൽ നൂർ ദ്വീപ്. നഗരമധ്യത്തിൽ നിലകൊള്ളുന്ന ദ്വീപിനകത്തു വേനൽക്കാലം കടന്നു വരാത്ത വിധം വൃക്ഷങ്ങളും ചെടികളും നിറഞ്ഞിരിക്കുന്നു. അഞ്ഞൂറിലധികം ചിത്രശലഭങ്ങൾ കാഴ്ചയൊരുക്കുന്ന ‘ബട്ടർ ഫ്ലൈ ഹൗസ്’ ഈ ദ്വീപിനകത്താണുള്ളത്. കോസ്റ്റാറിക്ക, ഫിലിപ്പീൻസ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവയിനം ശലഭങ്ങളെ ഇവിടെ കാണാം. മരത്തടികൾ പാകിയ നടപ്പാലവും നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കളും അപൂർവ വൃക്ഷങ്ങളുമെല്ലാം ദ്വീപിനകത്തെ കാഴ്ചകളെ കൂടുതൽ ആകർഷകമാക്കുന്നു.

വേനൽ ചൂടിൽ നിന്ന് രക്ഷപ്പെടാനും മണിക്കൂറുകളോളം കുടുംബത്തോടൊപ്പം ചിലവഴിക്കാനും അനുയോജ്യമായ ഇടമാണ് അൽ നൂർ ദ്വീപ്. കുട്ടികൾക്കായുള്ള ചെറിയൊരു പാർക്കും കഫെയും ഇതിനകത്തുണ്ട്. കേക്ക് നിർമാണം, പൂന്തോട്ട പരിപാലനം, ഫോട്ടോഗ്രാഫി തുടങ്ങി നിരവധി പ്രേത്യേക പരിപാടികളും വേനൽക്കാല സഞ്ചാരികൾക്കായി ദ്വീപിൽ ഒരുക്കിയിട്ടുണ്ട്.

ഹാർട്ട് ഓഫ് ഷാർജ

Heart of Sharjah - Souq tourist center in Sharjah

നൂറ്റാണ്ടുകൾക്കു മുൻപത്തെ അറബ് ജീവിതത്തിലേക്കും പൗരാണിക കച്ചവട ബന്ധങ്ങളിലേക്കും സഞ്ചാരികളെ കൈപിടിച്ച് നടത്തുന്ന ചരിത്ര കേന്ദ്രമാണ് ‘ഹാർട്ട് ഓഫ് ഷാർജ’. പേര് അന്വർത്ഥമാക്കും വിധം ഷാർജയുടെ ഹൃദയമായ പൈതൃകവും സാംസ്‌കാരിക പാരമ്പര്യവും ഇവിടെ അടുത്തറിയാം. പരമ്പരാഗത രീതിയിൽ നിർമിച്ച കെട്ടിടങ്ങളും മ്യൂസിയങ്ങളും വേറിട്ട സഞ്ചാരാനുഭവമാണ്.

പുരാതന മാതൃകയിൽ ഒരുക്കിയിരിക്കുന്ന സൂക്കുകളും അവിടത്തെ കച്ചവടവുമാണ് ഹാർട്ട് ഓഫ് ഷാർജയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. വേനൽക്കാല പരിപാടികളുടെ ഭാഗമായി സൂക്കുകളിൽ മുപ്പത്തിയഞ്ച് ശതമാനം വരെ വിലക്കുറവിൽ ഷോപ്പിംഗ് നടത്താം. മ്യൂസിയങ്ങളിലൂടെയും പുരാതന കെട്ടിടങ്ങളിലൂടെയുമുള്ള പ്രത്യേക ടൂറുകളുമുണ്ട്. ഷാർജയിലെ മലയാളികളുടെ പ്രധാന കേന്ദ്രമായ റോളയോട് ചേർന്നാണ് ‘ഹാർട്ട് ഓഫ് ഷാർജ’ നിലകൊള്ളുന്നത്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Shurooqsharjah commerce and tourism development authority seasonal campaign sharjah summer

Best of Express