മനാമ: തിരിച്ചുപോകുമ്പോള്‍ ഷുക്കൂറിന് എല്ലാം ഒര ദുഃസ്വപ്‌നം പോലെ. ഇന്നലെ വരെ ആ കണ്ണുകളില്‍ ഭയം നിറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഷുക്കൂറിന്റെ കണ്ണുകളില്‍ ആവേശ തിളക്കം; ചെറുപ്രായത്തില്‍ ഇവിടെ ജീവിതം അവസാനിക്കുമെന്നു കരുതിയിടത്തുനിന്നും ജന്മനാടിന്റെ സ്‌നേഹത്തണലിലേക്കു മടങ്ങുന്നതിന്റെ ആവേശം. ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ദുരിതങ്ങളുടെ ഭാണ്ഡം മരുഭൂമിയില്‍ ഉപേക്ഷിച്ച് ഈ 22 കാരന്‍ നാട്ടിലേക്കു മടങ്ങി.

ബഹ്‌റൈന്‍ സ്വദേശിയായ സ്ത്രീ വീട്ടില്‍ സംരക്ഷിക്കുന്ന പട്ടികളെ പരിപാലിക്കാന്‍ കൊണ്ടുവന്നു ദുരിതത്തിലായ ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയായ അബ്ദുല്‍ ഷുക്കൂറി(22)ന് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലേക്കു തിരിച്ചുപോകാനായത്. സ്വന്തം വീടുപോലുമില്ലാത്ത അത്യന്തം ദയനീയമായ ജീവിത സാഹചര്യത്തില്‍ നിന്നാണു പ്ലസ്ടു കഴിഞ്ഞ അബ്ദുല്‍ ഷുക്കൂര്‍ ബഹ്‌റൈനിലെത്തുന്നത്. ഒരു വീട്ടിലെ ജോലിക്കാണെന്നും 18,000 രൂപ ശമ്പളം ലഭിക്കുമെന്നും ഏജന്റ് പറഞ്ഞപ്പോള്‍ അതു വിശ്വസിച്ചു വിമാനം കയറി. 2015 ജനുവരിയില്‍ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയപ്പോള്‍ ഒരു സ്ത്രീ കൂട്ടിക്കൊണ്ടു പോയി.

Read More: ബഹ്‌റൈനില്‍ പട്ടികളോടൊപ്പം ജീവിക്കാന്‍ വിധിക്കപ്പെട്ട യുവാവിന് ഒടുവില്‍ മോചനമായി

നേരെ കൊണ്ടുപോയത് സല്‍മാനിയയിലെ മതില്‍കെട്ടുള്ള ഒരു ഇരു നില വീട്ടിലേക്ക്. ആ വീടിന്റെ ഔട്ട് ഹൗസിലായിരുന്നു അബ്ദുല്‍ ഷുക്കൂറിനോടു താമസിക്കാന്‍ പറഞ്ഞത്. വീട്ടുടമസ്ഥയായ സ്ത്രീ കോമ്പൗണ്ടിനകത്തു തീറ്റിപ്പോറ്റുന്ന തെരുവുപട്ടികളെ സംരക്ഷിക്കുന്ന പണിയായിരുന്നു ഷുക്കൂറിന്. ഷുക്കൂര്‍ വരുമ്പോള്‍ കോമ്പൗണ്ടില്‍ 13 പട്ടികളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 40 പട്ടികള്‍ വരെയായി.

ഉച്ചക്കു പട്ടികള്‍ക്കായി പുറത്തുപോയി ചോറും ചിക്കന്‍ കറിയും വാങ്ങിക്കൊണ്ടുവരണം. അപ്പോള്‍ ഷുക്കൂറിനും ഒരു ചോറു വാങ്ങാം. പട്ടികള്‍ക്കായി മാസം 300 ദിനാറോളം ചെലവാക്കുമ്പോള്‍ ഷുക്കൂറിന് 70 ദിനാറായിരുന്നു ശമ്പളം. ഷുക്കൂറിനു രാവിലെ കഴിക്കാന്‍ മൂന്നു ദിവസത്തേക്കുള്ള ബ്രഡ് ഒരുമിച്ചുകൊടുക്കും. രാത്രി മൂന്നു ചപ്പാത്തി വാങ്ങാനായി 100 ഫില്‍സ് നല്‍കും. വീട്ടില്‍ മൂന്നു സ്ത്രീകള്‍ മാത്രമാണുള്ളത്. രോഗിയായ ഒരു സ്ത്രീയെ സംരക്ഷിക്കാന്‍ ഹോം നഴ്‌സുമാര്‍ വരാറുണ്ടായിരുന്നു. ഇവര്‍ വരാത്ത സമയത്ത് രോഗിയായ സ്ത്രീയുടെ അഴുക്കായ വസ്ത്രങ്ങള്‍ മാറ്റാനും ശുചിയാക്കാനും ഷുക്കൂറിനെ വിളിക്കും. നായ ഹറാമാണെന്നും അതിനാല്‍ തനിക്കു നിസ്‌കാരവും മറ്റും നടക്കുന്നില്ലെന്നു പറഞ്ഞപ്പോള്‍ തങ്ങളും മുസ്‌ലിംകളാണെന്നു പറഞ്ഞു മര്‍ദ്ദിക്കുകയും തുപ്പുകയും ചെയ്തതായി ഷുക്കൂര്‍ പറയുന്നു.

പിന്നീട് അവിടെ നിന്നു സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ രക്ഷപ്പെട്ട ഷുക്കൂര്‍ നാട്ടുകാരനായ ഒരാളോടൊപ്പം താമസിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നു രക്ഷപ്പെട്ട് എംബസിയെ സമീപിച്ചു. ഒടുവില്‍ രേഖകള്‍ ശരിയാക്കുന്നതിനും നാട്ടിലേക്കു തിരികെ പോകുന്നതിനും വഴിയൊരുക്കിയത് സാമൂഹ്യ പ്രവര്‍ത്തകന്‍ സലാം മമ്പാട്ടു മൂലയാണ്. പുറത്തു ചാടിയ ഷുക്കൂറിനെ താല്‍ക്കാലികമായി ഒരു സ്ഥലത്തു ജോലി നല്‍കി സംരക്ഷിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട് പാസ് സംഘടിപ്പിച്ചു. ഷുക്കൂര്‍ ഇന്നലെ രാത്രി കൊച്ചിയിലേക്കു പോയി.

കായംകുളത്ത് അബ്ദുല്‍ റസാഖ് ലൈലാ ബീവി എന്നിവരുടെ മകനാണ് ഷുക്കൂര്‍. സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമില്ലാത്ത കുടുംബം വാടകവീട്ടിലാണു കഴിയുന്നത്. രണ്ടു സഹോദരിമാരുടെ കല്യാണം കഴിഞ്ഞതിനാൽ വലിയ കടബാധ്യതയുണ്ടായിരുന്നു. ഉപ്പ രോഗിയായി കിടപ്പിലായതിനാല്‍ മാസം വീട്ടുവാടക പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥ. പ്ലസ് ടു കഴിഞ്ഞ മൂന്നു വര്‍ഷം നാട്ടില്‍ ചില ജോലികളൊക്കെ ചെയ്തുകൊണ്ടിരിക്കെയാണ് ഷുക്കൂര്‍ ബഹ്‌റൈനിലേക്കു വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ