മനാമ: ബഹ്‌റൈനില്‍ ചെമ്മീന്‍ പിടുത്തത്തിന് ഏര്‍പ്പെടുത്തിയ ആറു മാസ നിരോധനം നാലു മാസമായി ചുരുക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍. ആറുമാസം നിരോധനം കാരണം തൊഴിലില്ലാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. ചെമ്മീന്‍ നിരോധനം സംബന്ധിച്ച് വര്‍ക്‌സ്, മുനിസിപ്പാലിറ്റീസ് ആന്റ് അര്‍ബന്‍ പ്ലാനിങ് മന്ത്രി എസ്സാം ഖലീഫുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബഹ്‌റൈന്‍ ഫിഷര്‍മെന്‍ സൊസൈറ്റി (ബിഎഫഎസ്) പ്രസിഡന്റ് വഹീദ് അല്‍ ദോസരിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരാതികളും മന്ത്രിയെ ധരിപ്പിച്ചു.

നിരോധനത്തിന് തങ്ങളും അനുകൂലിക്കുന്നതായി ദോസരി വ്യക്തമാക്കി. എന്നാല്‍ ആറു മാസത്തോളം തൊഴിലില്ലാതാകും എന്നതിനാല്‍ നിരോധനത്തിന്റെ കാലയളവ് പുനഃപരിശോധിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. മുന്‍പ് നാല് മാസമാണ് നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ഇത് തന്നെ തുടരണമെന്നാണ് താത്പര്യമെന്ന് ദോസരി പറഞ്ഞു.

മുന്‍പ് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി തംകീന്‍ ഫണ്ടില്‍ നിന്നും ലഭിച്ചിരുന്ന 3 ദശലക്ഷം ദിനാറോളം വരുന്ന തുകയുടെ ധനസഹായം പുനഃസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബിഎഫ്എസിനെ കൂടാതെ സിത്ര ഫിഷര്‍മെന്‍ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് മന്‍സൂറും മറ്റ് അംഗങ്ങളും ഈ ആവശ്യങ്ങളുന്നയിച്ച് അധികൃതരെ സമീപിച്ചിരുന്നു.

ചെമ്മീന്‍ സമ്പത്ത് ഇല്ലാതാകുന്നത് തടയുന്നതിന്റെ ഭാഗമായാണ് അവയുടെ പ്രജനന സമയത്ത് വര്‍ഷം തോറും ചെമ്മീന്‍ പിടിത്തത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. ആറു മാസത്തേക്ക് ചെമ്മീന്‍ പിടുത്തതിന് നിരോധനം ഏര്‍പ്പെടുത്തിയതായുള്ള ഉത്തരവ് 2017 മാര്‍ച്ച് ഏഴിനാണ് മന്ത്രാലയം പുറത്തുവിട്ടത്. മാര്‍ച്ച് 15 മുതല്‍ നിരോധനം നിലവില്‍ വരികയും ചെയ്തു. ഇതുവഴി ചെമ്മീൻ പിടുത്തതിന് ലൈസന്‍സ് ലഭിച്ചിട്ടുള്ള 400ഓളം പേരാണ് തൊഴില്‍രഹിതരാകുന്നത്.

ചെമ്മീന്‍ പിടുത്ത നിരോധനം ലംഘിക്കുന്നവര്‍ക്ക് അറസ്റ്റ്, ഉയര്‍ന്ന പിഴ തുടങ്ങിയ ശിക്ഷകള്‍ ലഭിക്കും. നിയമവിരുദ്ധമായി ചെമ്മീന്‍ കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ഇതിന്റെ ‘ഭാഗമായി കിങ് ഫഹദ് കോസ് വേ വഴി ചെമ്മീന്‍ കടത്തുന്നവരെ പിടികൂടി കൈമാറാന്‍ സൗദി കസ്റ്റംസുമായി ധാരണയയില്‍ എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ