മനാമ: വാഹനാപകടങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ബഹ്‌റൈനില്‍ കുറ്റകൃത്യമാക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യതയെ വ്രണപ്പെടുത്തുന്നതരത്തില്‍ വാഹനാപകട ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാക്കുന്ന പുതിയ നിയമ ഭേദഗതിക്കൊരുങ്ങുന്നു. ഈ വിഷയത്തില്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശ സുരക്ഷാ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. റോഡ് അപകടങ്ങള്‍ പകര്‍ത്തുകയും അത് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ അല്ലതെയോ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ആറുമാസത്തില്‍ കൂടാത്ത തടവു ശിക്ഷയും 50 മുതല്‍ 500 ദിനാര്‍ വരെ പിഴയും വിധിക്കാനാണു ഭേദഗതി നിര്‍ദ്ദേശിക്കുന്നത്. പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൊവ്വാഴ്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. തുടര്‍ന്നു നിര്‍ദ്ദേശം ഷൂറാ കൗണ്‍സിലിനും സര്‍ക്കാരിനും അയക്കും.

റോഡപകടങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നതിനു തടവും പിഴയും നല്‍കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ വര്‍ഷം എംപി മുഹമ്മദ് അല്‍ മാരിഫിയാണു കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചത്. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കും അക്രഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും ചിത്രം പകര്‍ത്താമെന്ന വ്യവസ്ഥയോടെയാണു കമ്മിറ്റി നിര്‍ദ്ദേശം തയാറാക്കിയത്.

അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ തിങ്ങിക്കൂടുകയും അപകടങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി അതു സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു. അപകടത്തില്‍ പെടുന്ന മനുഷ്യരുടെ സ്വകാര്യത കളങ്കപ്പെടുത്തുന്ന രീതിയിലാണ് ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത് എന്നതിനാല്‍ ഇതു തടയുന്നതിന് നിലവിലുള്ള ഗതാഗത നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി, ഇത്തരം പ്രവൃത്തിയെ കുറ്റകൃത്യമായി പരിഗണിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത്തരത്തിലുള്ള പ്രവൃത്തി സമൂഹത്തില്‍ മോശം സന്ദേശമാണു നല്‍കുന്നത്. വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് അവരുടെ ഫോട്ടോ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്.

അപകടമുണ്ടാവുന്നിടത്ത് ജനങ്ങള്‍ തടിച്ചു കൂടുന്നത് ഒഴിവാക്കാനും ഈ നിയമ ഭേദഗതി ഉപകരിക്കും. ആഭ്യന്തര മന്ത്രാലയം, ദേശീയ മനുഷ്യാവകാശ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സംവിധാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണു പാര്‍ലമെന്ററി സമിതി ഭേദഗതി നിര്‍ദ്ദേശം തയാറാക്കിയത്.

കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ അപകടകരമായ പ്രയോഗത്തിന്റെ കാലത്തിലൂടെയാണു കടന്നു പോകുന്നതെന്നും സ്വന്തക്കാരോ ബന്ധുക്കളോ അപകടത്തില്‍ പെട്ട വിവരം ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അറിയുന്നതിനു മുമ്പ് അത്തരത്തിലുള്ള ചിത്രങ്ങള്‍ മുന്നിലെത്തുന്ന അവസ്ഥ ഉണ്ടാവുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായ സ്ഥലത്തു രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനും ഇത്തരത്തിലുള്ള ഫോട്ടോ പകര്‍ത്തലുകള്‍ തടസ്സം സൃഷ്ടിക്കുന്നു. ഈ പ്രതിഭാസം അവസാനിപ്പിക്കാന്‍ നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തണമെന്നായിരുന്നു എംപി മാരിഫി നിര്‍ദ്ദേശിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook