അബുദാബി: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇയുടെ പ്രസിഡന്റായി നിയമിച്ചു. ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികള്‍ കൂടിച്ചേര്‍ന്ന സുപ്രീം കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു.
യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് അറുപത്തിയൊന്നുകാരനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്‍ഗാമിയായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പ്രസിഡന്റ് പദത്തിലെത്തുന്നത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഖലീഫ ബിന്‍ സായിദ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്.
യുഎഇയുടെ ആദ്യ പ്രസിഡന്റായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പിന്‍ഗാമിയായാണു വെള്ളിയാഴ്ച അന്തരിച്ച ഖലീഫ ബിന്‍ സായിദ് ആ പദത്തിലെത്തിയത്്. 1971-ല്‍ മുതല്‍ 2004 നവംബര്‍ രണ്ടിനു മരിക്കുന്നതുവരെ ഷെയ്ഖ് സായിദായിരുന്നു യുഎഇ പ്രസിഡന്റ്. പിറ്റേ ദിവസമാണു ഷെയ്ഖ് ഖലീഫ പ്രസിഡന്റായി നിയോഗിക്കപ്പെട്ടത്. ഇതേ രീതിയിലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഇപ്പോള്‍ പ്രസിഡന്റ് പദത്തിലെത്തുന്നത്.
Also Read: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു
ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ വിയോഗത്തെത്തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണം നടക്കുകയാണ്. ഔദ്യോഗിക പതാക പകുതി താഴ്ത്തിയിട്ടുണ്ട്. എല്ലാ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഫെഡറല്‍, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം മൂന്നു ദിവസത്തേക്ക് നിര്‍ത്തിവച്ചതായും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇനി ഓഫിസുകള്‍ തുറക്കുക.
പ്രസിഡന്റായി നിയോഗിക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അബുദാബി എമിറേറ്റിന്റെ പതിനേഴാമതു ഭരണാധികാരി കൂടിയാകും. 2004 നവംബര്‍ മുതല്‍ അബുദാബി കിരീടാവകാശിയായി പ്രവവര്ത്തിക്കുകയായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, 2005 ജനുവരി മുതല്‍ യുഎഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനായും സേവനമനുഷ്ഠിച്ചു.