ഷാർജ: ഇന്നലെകളിലേയ്ക്ക് വെളിച്ചം വീശുന്ന ചരിത്ര കാഴ്‌ചകൾക്ക് പ്രശസ്തമാണ് ഷാർജ. കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും കഥകൾ പറയുന്ന ഇവിടുത്തെ തീരങ്ങളും പുരാതന പട്ടണങ്ങളുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരും. ഷാർജ നഗരത്തിനു ചുറ്റുമുള്ള ഇത്തരം കാഴ്‌ചകൾ ഒരൊറ്റ യാത്രയിൽ കാണാൻ അവസരമൊരുക്കുകയാണ് സിറ്റി സൈറ്റ് സീയിങ്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റിയും (ശുറൂഖ്‌) സിറ്റി സൈറ്റ് സീയിങ് വേൾഡ് വൈഡും ചേർന്നാണ് ഈ നഗരസഞ്ചാരം ഒരുക്കുന്നത്.

ചരിത്രക്കാഴ്‌ചകളിലേക്കു സഞ്ചാരിയെ കൈപിടിച്ച് നടത്തുന്ന ഷാർജയിലെ പ്രശസ്തമായ പന്ത്രണ്ട് കേന്ദ്രങ്ങൾ കോർത്തൊരുക്കിയാണ് സിറ്റി സൈറ്റ് സീയിങ്ങിലെ പുതിയ കൾച്ചറൽ റൂട്ട് ഒരുക്കിയിരിക്കുന്നത്. രണ്ടു നില ബസ്സിൽ നഗരപ്രദക്ഷിണം നടത്തുമ്പോൾ കാഴ്‌ചകളോടൊപ്പം ജർമൻ, ഉറുദു, റഷ്യൻ, അറബിക്, ചൈനീസ് തുടങ്ങിയ ഭാഷകളിലെ വിവരണങ്ങളും കേൾക്കാം.

പച്ച, നീല, ചുവപ്പ് എന്നിങ്ങനെ മൂന്നു റൂട്ടുകളാണ് സിറ്റി സൈറ്റ് സീയിങിന്റെ ഭാഗമായുള്ളത്. ഒരു മണിക്കൂർ ഇരുപതു മിനിറ്റ് ദൈർഘ്യമുള്ള പച്ച ലൈൻ യാത്ര ‘കൾച്ചറൽ ടൂർ’ എന്ന് അറിയപ്പെടുന്നു. വാസ്തുവിദ്യയുടെ വേറിട്ട അടയാളയമായ ഷാർജ സെൻട്രൽ സൂഖിൽ നിന്നാരംഭിക്കുന്ന ഈ യാത്ര ഷാർജയുടെ പൈതൃക കാഴ്‌ചകളിലേക്കുള്ള നടത്തമാണ്. നൂറ്റാണ്ടുകൾക്കു മുൻപത്തെ അറബ് ജീവിതത്തിലേക്കും പൗരാണിക കച്ചവട ബന്ധങ്ങളിലേക്കും സഞ്ചാരികളെ കൈപിടിച്ച് നടത്തുന്ന ചരിത്ര കേന്ദ്രമായ ‘ഹാർട്ട് ഓഫ് ഷാർജ’, പുരാതന കാഴ്‌ചകളുടെ സംരക്ഷണ കേന്ദ്രമായ ഷാർജ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷൻ, സാംസ്‌കാരിക ചത്വരം തുടങ്ങി പന്ത്രണ്ട് ഇടങ്ങൾ ഈ യാത്രയിൽ കാണാം. ഇസ്‌ലാമിക വാസ്‌തുവിദ്യയുടെ അപൂർവ പകർപ്പുകളും പത്തൊൻപതാം നൂറ്റാണ്ടിൽ പരമ്പരാഗത മൽസ്യത്തൊഴിലാളികൾ തമ്പടിച്ചിരുന്ന ഖാലിദ് പോർട്ടുമെല്ലാം ഈ ടൂറിന്റെ ഭാഗമാണ്.

City Site Seeing Sharjah is offering travelers in bus

നഗരത്തിലെ വിനോദ കേന്ദ്രങ്ങളും ആഘോഷ ചിത്രങ്ങളും ചേർത്താണ് ബ്ലൂ ലൈനിലെ ‘ലെഷർ ടൂർ’ ഒരുക്കിയിട്ടുള്ളത്. ഒന്നര മണിക്കൂർ നീളുന്ന ഈ യാത്രയിൽ ഖാലിദ് ലഗൂൺ, അൽ മജാസ് പാർക്ക്, ഫ്ലാഗ് ഐലൻഡ്, അൽ ഖാൻ ബീച്ച്, ഷാർജ അക്വേറിയം തുടങ്ങിയവ കാണാം. കടൽക്കാഴ്‌ചകളുടെ വേറിട്ട അനുഭവമാണ് അക്വേറിയത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. നൂറ്റിയമ്പതിൽപരം ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളെയും മറ്റ് അപൂർവ കടൽ ജീവികളെയും തൊട്ടടുത്ത് കാണാം. ഷോപ്പിങ്ങിനും രുചിപരീക്ഷണങ്ങൾക്കും പ്രശ്‌സതമായ അൽ വഹ്ദ സ്ട്രീറ്റ്, സഹാറ സെന്റർ, അൽ ഖസ്ബ തുടങ്ങിയ ഇടങ്ങളും ഈ ബസിന്റെ സ്റ്റോപ്പുകളിലുണ്ട്.

പ്രഭാപൂരിതമാവുന്ന നഗരകാഴ്‌ചകളിലൂടെ, രാത്രിയുടെ തണുത്ത കാറ്റും കൊണ്ട് സഞ്ചരിക്കാവുന്ന അര മണിക്കൂറാണ്; ചുവപ്പു ലൈനിലെ ‘നൈറ്റ് ടൂർ’. റമദാനിൽ അണിഞ്ഞൊരുങ്ങുന്ന നഗരത്തെ കാണാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണിത്. നഗരത്തിന്റെ പല ഭാഗങ്ങളിലുള്ള പത്തു സ്റ്റോപ്പുകളാണ് ഈ റൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

റമദാനിൽ പകൽ സമയങ്ങളിൽ രാവിലെ പത്തു മുതൽ വൈകുന്നേരം മൂന്നു മണി വരെയാണ് ഇരുനില ബസ്സിൽ നഗര പ്രദക്ഷിണം നടത്താനുള്ള അവസരം. ഇഫ്താറിന് ശേഷം രാത്രി എട്ടു മുതൽ പതിനൊന്നു വരെ നൈറ്റ് ടൂർ പ്രവർത്തിക്കുന്നു. അൽ ഖസ്ബ, സെൻട്രൽ സൂക്ക് എന്നിവിടങ്ങളിൽ നിന്ന് സർവീസുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook