ദുബായ്: ഷാർജയിലേക്കും മസ്കറ്റിലേക്കും പുതിയ സർവീസുമായി ഇൻഡിഗോ എയർലൈൻസ്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട് നിന്നും ഷാർജയിലേക്കും കോഴിക്കോട്ടുനിന്നും മസ്കറ്റിലേക്കുമാണ് നേരിട്ടുള്ള പ്രതിദിന സർവീസുകളുമായി ഇൻഡിഗോ എത്തുന്നത്.

കോഴിക്കോട് നിന്ന് ഷാർജയിലേക്കുള്ള ആദ്യ സർവീസ് മാർച്ച് ഇരുപതിന്‌ ആരംഭിക്കും. രാവിലെ 6.05നു കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 8.20 നു ഷാർജയിൽ എത്തും. തുടർന്ന് 9.20 നു ഷാർജയിൽ നിന്ന് തിരിക്കുന്ന വിമാനം ഉച്ച കഴിഞ്ഞു രണ്ടരയ്ക്ക് കോഴിക്കോട് എത്തും. കോഴിക്കോട് നിന്ന് മസ്കറ്റിലേക്കുള്ള ആദ്യ സർവീസ് മാർച്ച് ഇരുപതിന്‌ ആരംഭിക്കും. രാത്രി 6.25 നു കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.15 നു മസ്കറ്റിൽ എത്തും. തുടർന്ന് രാത്രി 9.15 നു മസ്കറ്റിൽ നിന്ന് തിരിക്കുന്ന വിമാനം പിറ്റേന്ന് രാവിലെ രണ്ടേകാലിനു കോഴിക്കോട് എത്തും.

തിരുവനന്തപുരത്തു നിന്നും ഷാർജയ്ക്കുള്ള വിമാനം രാത്രി 10.20 നു പുറപ്പെട്ടു അർധരാത്രി ഒരുമണിക്ക് ഷാർജയിൽ എത്തും. രാത്രി രണ്ടു മണിക്ക് ഷാർജയിൽ നിന്ന് തിരിക്കുന്ന വിമാനം രാവിലെ 7.35 നു തിരുവനന്തപുരത്തെത്തും. ഏപ്രിൽ എട്ടിനാണ് ഷാർജയ്ക്കുള്ള ആദ്യ സർവീസ്. തിരുവനന്തപുരത്തേക്ക് ഏപ്രിൽ ഒമ്പതിനും.

ഉദ്ഘാടനം പ്രമാണിച്ചു കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 4499 രൂപയാണ് ടാക്സുൾപ്പെടെ കോഴിക്കോട് നിന്ന് ഷാർജയിലേക്കുള്ള ചാർജ്. തിരിച്ചു 4532 രൂപ. 6142 രൂപയാണ് ടാക്സുൾപ്പെടെ കോഴിക്കോട് നിന്ന് മസ്കറ്റിലേക്കുള്ള ചാർജ്. തിരിച്ചു 4532 രൂപ.
തിരുവനന്തപുരത്തുനിന്നും ഷാർജയിലേക്ക് 5528 രൂപയും ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 5532 രൂപയുമാണ് നിരക്ക്.

യാത്രക്കാർക്ക് 30 കിലോഗ്രാം ചെക് ഇൻ ബാഗേജും 7 കിലോഗ്രാം ഹാൻഡ് ബാഗേജും കൊണ്ടുപോവാം. വിമാനത്തിനകത്തു കുടിവെള്ളമുൾപ്പെടെ സൗജന്യ ഭക്ഷണം ഇല്ല. യാത്രക്കാർ 50 രൂപ മുതൽ 400 രൂപ വരെ ഇതിനു അധികമായി നൽകേണ്ടി വരും. പുതിയ എയർ ബസ് 320 വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുക.180 പേർക്ക് യാത്ര ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ