ഷാർജ: കുട്ടികൾക്കും സാഹിത്യപ്രേമികൾക്കും കഥാനുഭവങ്ങളുടെ പുതുലോകം തീർത്ത് ‘ടെയിൽസ് ഓൺ ദി ഐലൻഡ്’ ഷാർജ രാജ്യാന്തര കഥാമേള. പ്രശസ്തരായ കഥ പറച്ചിലുകാരുടെ വേറിട്ട അവതരണത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇതിഹാസകഥകളും പുരാണകഥകളും കുട്ടികളടക്കമുള്ളവർക്കു നവ്യാനുഭവമായി മാറി. ശലഭക്കാഴ്ചകൾക്കും അപൂർവയിനം സസ്യസമ്പത്തിനാലും പ്രശസ്തമായ ഷാർജ അൽ നൂർ ദ്വീപായിരുന്നു കഥാമേളയുടെ വേദി. മേള ശനിയാഴ്ച സമാപിച്ചു.
പത്ത് രാജ്യങ്ങളിൽ നിന്നായി പതിനഞ്ചു കഥപറച്ചിലുകാരാണ് കഴിഞ്ഞ ഒരു മാസത്തോളമായി അരങ്ങേറിയ കഥാമേളയുടെ വേദിയിലെത്തിയത്. അമേരിക്ക, ഇറ്റലി, ജർമ്മനി, ലെബനൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ഐതിഹ്യവും പുരാണകഥകളും വിവിധ ദിനങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. ഏകദേശം മൂവായിരത്തോളം സന്ദർശകർ കേൾവിക്കാരായെത്തി. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളാണ് പുസ്തകങ്ങളും സ്ക്രീനുകളും മൈക്കുമൊന്നുമില്ലാത്ത കഥയനുഭവങ്ങൾ കേൾക്കാനെത്തിയത്. കഥകളോടൊപ്പം സർഗവാസനകളെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കുന്ന വിവിധ പരിശീലന സെഷനുകളും കുട്ടികൾക്കായി ഒരുക്കിയിരുന്നു.
ഓരോ വർഷം കഴിയുമ്പോഴും മേള കൂടുതൽ ജനകീയമാവുന്നതായി അൽ നൂർ ദ്വീപ് ജനറൽ മാനേജർ മഹ്മൂദ് റാഷിദ് അൽ സുവൈദി പറഞ്ഞു. “പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന ദ്വീപ് കാഴ്ചകളുടെ പശ്ചാത്തലത്തിൽ കഥപറച്ചിൽ മേള ആസ്വാദകർക്ക് വേറിട്ട അനുഭവമായി മാറുന്നുണ്ട്. പല നാടുകളിൽ നിന്നുള്ള അവതാരകർ, പല ദേശങ്ങളുടെ കഥകൾ…സാംസ്കാരിക മൂല്യങ്ങളുടെ കൈമാറ്റമാണ് ഇത്തരം മേളകൾ. അതോടൊപ്പം സംഗീതരാവുകളും കുട്ടികൾക്കായുള്ള പരിശീലന സെഷനുകളും കൂടിയാവുമ്പോൾ മേളയുടെ മാറ്റ് കൂടുന്നു. അൽ നൂർ ദ്വീപിന്റെ സവിശേഷ കാഴ്ചകളോടൊപ്പം ഇങ്ങനെയൊരു വിരുന്നു കൂടി അതിഥികൾക്ക് പകരനായതിൽ സന്തോഷമുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ രാജ്യാന്തര കഥാമേള – ടെയിൽസ് ഓൺ ദി ഐലന്റിന്റെ മൂന്നാം പതിപ്പാണിത്. കഴിഞ്ഞ മൂന്നു പതിപ്പുകളിലായി ഏകദേശം പതിനയ്യായിരത്തോളം കഥാപ്രേമികൾ മേളയുടെ ഭാഗമായിട്ടുണ്ട് എന്ന് സംഘാടകർ പറയുന്നു.