ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവ(എസ് ഐ ബി എഫ്)ത്തിന്റെ 41-ാമത് എഡിഷന് നവംബര്‍ രണ്ടു മുതല്‍ 13 വരെ. ‘വാക്ക് പ്രചരിപ്പിക്കുക’ എന്ന ആശയത്തിലാണ് 12 ദിവസം നീളുന്ന പുസ്തകോത്സവമെന്നു ഷാര്‍ജ ബുക്ക് അതോറിറ്റി (എസ് ബി എ) അറിയിച്ചു.
ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ ഇറ്റലിയാണ് അതിഥി രാജ്യം. ലോകമെമ്പാടുമുള്ള നൂറുകണക്കിനു പ്രമുഖ എഴുത്തുകാരും ബുദ്ധിജീവികളും പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും സംവാദങ്ങളും പുസ്കോത്സവത്തിനു മാറ്റേകും.
സാംസ്കാരിക വൈവിധ്യത്തെ ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും വാക്കുകള്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് പ്രകടിപ്പിക്കാനാണ് 12 ദിവസത്തെ സാംസ്കാരിക മാമാങ്കത്തിലൂടെ എസ് ബി എയുടെ ശ്രമം. മഹത്തായ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സാംസ്കാരിക ആശയവിനിമയത്തിന്റെ പാലങ്ങള്‍ നിര്‍മിക്കുന്നതില്‍ വാക്കുകളുടെ ശക്തിയില്‍ വിശ്വസിക്കാന്‍ ലോകജനതയെ പുസ്തകോത്സവത്തിന്റെ ആശയം ആഹ്വാനം ചെയ്യുന്നു.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ജ്ഞാനപൂര്‍വകമായ വീക്ഷണത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് എസ് ഐ ബി എഫിന്റെ 41-ാം പതിപ്പ് പുതുക്കുന്നതെന്ന് എസ് ബി എ ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു.
എമിറേറ്റിന്റെ സാംസ്കാരിക പദ്ധതിയെ ഉയര്‍ത്തിക്കാട്ടാനും എഴുതപ്പെട്ട വാക്കിന്റെ ശക്തിയെക്കുറിച്ചും ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതില്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തില്‍ അവബോധം ഉയര്‍ത്താനുള്ള ദൗത്യത്തെ എസ് ബി എ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകും.
”പുസ്തകങ്ങള്‍ ഒരു രാജ്യത്തിന്റെ സ്വത്വത്തെ രൂപപ്പെടുത്തുന്നു. പുസ്തകങ്ങള്‍ ഒരു സമ്പദ്വ്യവസ്ഥയുടെ എന്‍ജിനുകളാണ്. അവ മാറ്റമുണ്ടാക്കുന്നത് എന്നപോലെ അവയില്ലാതെ അറിവിലോ ശാസ്ത്രത്തിലോ നിക്ഷേപത്തിലോ ഒരു നേട്ടവും കൈവരിക്കാനാവില്ല,”എസ് ബി എ അഭിപ്രായപ്പെട്ടു.