ഷാർജയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

തീപിടിത്തം മലയാളികളടക്കം താമസിക്കുന്ന കെട്ടിടത്തിൽ. സംഭവസമയത്ത് കെട്ടിടത്തിനകത്ത് നിരവധി താമസക്കാർ

sharja, sharja fire, sharja building fire, ഷാർജ, ഷാർജയിൽ തീപ്പിടിത്തം, ഷാർജയിൽ കെട്ടിടത്തിൽ തീപ്പിടിത്തം, ie malayalam, ഐഇ മലയാളം

അൽ നഹ്ദ: ഷാർജയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. മലയാളികളടക്കമുള്ളവർ താമസിക്കുന്ന 50ഓളം നിലകളുള്ള പാർപ്പിട സമുച്ചയത്തിലാണ് തീപിടത്തുണ്ടായത്. നിരവധി താമസക്കാർ കെട്ടിടത്തിലുണ്ടായിരുന്നു.

അൽ നഹ്ദയിൽ മലയാളികൾ കൂടുതലുള്ള മേഖലയിലാണ് തീപിടിത്തമുണ്ടായ കെട്ടിടം. താജ് ബാംഗളൂർ റസ്റ്ററന്റിന് സമീപമുള്ള അബ്കോ ടവർ എന്ന കെട്ടിടത്തിലാണ് തീപിടിത്തം.  ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് സമീപ വാസികൾ അറിയിച്ചു. തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കെട്ടിടത്തിന്റെ പുറംഭാഗത്ത് ഏതാണ്ട് പൂർണമായും തീ പടർന്നിട്ടുണ്ട്. അഗ്നി രക്ഷാ സേനയും ആംബുലൻസുകളും സ്ഥലത്തെത്തി. കെട്ടിടത്തിലെ താമസക്കാരെയും സമീപ വാസികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഗ്നി ശമന സേനയുടെ കൂടുതൽ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ അഞ്ചിലധികം കെട്ടിടങ്ങളിലെ താമസക്കാരെയാണ് മാറ്റിയിട്ടുള്ളത്. സമീപത്ത് നിർത്തിയിട്ടിരുന്ന നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപിടിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വാഹനങ്ങൾക്ക് മുകളിൽ വീണതിനെത്തുടർന്നാണ് കേടുപാട് സംഭവിച്ചത്.

കെട്ടിടത്തിനകത്ത് ആളുകളാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് പൊലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. അടുത്ത കെട്ടിടങ്ങളിലേക്കും തീജ്വാലകളുയർന്നതായി സമീപ വാസികൾ പറഞ്ഞു. തീപിടിത്തത്തന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട്, വൈദ്യുതി കണക്ഷനിലെ തകരാർ എന്നിവയടക്കമുള്ള കാരണങ്ങളിലൊന്നാവാം തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് ഷാർജ സിവിൽ ഡിഫൻസ് ടീം ഉദ്യോഗസ്ഥർ പറഞ്ഞു.

Read More | കൊച്ചി സ്മാർട്ട് സിറ്റിയിൽ ബഹുനില കെട്ടിടത്തിൽ തീപ്പിടിത്തം

കെട്ടിടത്തിലെ തീപിടിത്തത്തെ വലിയ ദുരന്തമായാണ് കണക്കാക്കുന്നതെന്ന് ഷാർജ സിവിൽ ഡിഫൻസ് ടീം ഉദ്യോഗസ്ഥർ പറഞ്ഞു. മിന, അൽ നഹ്ദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സിവിൽ ഡിഫൻസ് സംഘമാണ് തീയണയ്ക്കാനെത്തിയിട്ടുള്ളത്. കെട്ടിടത്തിലെ 36 നിലകളിലായിരുന്നു ആൾതാമസം ഉണ്ടായിരുന്നത്. ഓരോ നിലയിലും 12 അപ്പാർട്ട്മെന്റുകൾ വീതം ആണുള്ളതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ഷാർജയിൽ തീപിടിത്തമുണ്ടാവുന്നത്. കഴിഞ്ഞ മാസം 12ന് ഷാർജയിലെ അൽ ഖസിമിയയിൽ നിർമ്മാണത്തിലിരുന്ന പാർപ്പിട സമുച്ചയത്തിൽ തീപിടിത്തമുണ്ടായിരുന്നു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Sharjah fire massive blaze in 50 floor residential building

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express