ദുബായ്: അറബ് മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപ വേദികളിലൊന്നായ ഷാർജ എഫ്ഡിഐ ഫോറത്തിന്റെ നാലാം പതിപ്പ് വരുന്നു. ലോകത്തെ മുൻനിര സാമ്പത്തിക വിദഗ്ധരും വ്യവസായികളും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും ഫോറത്തിൽ പങ്കെടുക്കും.

ഡിസംബർ 10, 11 തീയതികളിലായി ഷാർജ അൽ ജവാഹർ കൺവെൻഷൻ സെന്ററിൽ വച്ചാണ് എഫ്ഡിഐ ഫോറം നടക്കുക. ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയും (ശുറൂഖ്‌) ഷാർജ എഫ്ഡിഐ ഓഫിസും ചേർന്നാണ് എഫ്ഡിഐ​ ഫോറം സംഘടിപ്പിക്കുന്നത്.

ലോക സാമ്പത്തിക രംഗത്തിന്റെ വളർച്ചയും പുതിയ നിക്ഷേപ മേഖലകളും സാധ്യതകളുമെല്ലാം ചർച്ച ചെയ്യുന്ന ഷാർജ എഫ്ഡിഐ ഫോറം, വിദേശനിക്ഷേപ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവേദികളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. അറബ് ആഫ്രിക്കൻ മേഖലകളിലെ സാമ്പത്തിക വിദഗ്ധരുടെയും സർക്കാർ പ്രതിനിധികളുടെയും പങ്കാളിത്തം ഫോറത്തിന്റെ സവിശേഷതയാണ്.

നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങളും അതിനെ നേരിടാനുള്ള മാർഗങ്ങളും വേദിയിൽ ചർച്ച ചെയ്യപ്പെടും. ലോകപ്രശസ്ത കമ്പനികളുടെ നേതൃനിരയിലുള്ളവരുമായി നേരിട്ട് ആശയവിനിമയം നടത്താൻ അസരമൊരുക്കുന്ന ഫോറം, പുതിയ നിക്ഷേപമേഖലകൾ കണ്ടെത്താനും നിക്ഷേപകർക്ക് സ്വയം നിർണയം നടത്താനും ലഭിക്കുന്ന അവസരമായാണ് ഇതിനെ കാണുന്നത്.

ലോക നിക്ഷേപ റിപ്പോർട്ട് പ്രകാരം 2017 ൽ യുഎഇയുടെ വിദേശനിക്ഷേപം 2.2 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. 2017- 2019 കാലയളവിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനം യുഎഇക്ക് ആയിരുന്നു. യുഎഇ മിനിസ്ട്രി ഓഫ് ഇക്കോണമിയുടെ കണക്കുകൾ പ്രകാരം യുഎഇയിലെ വിദേശനിക്ഷേപം 2016 അവസാനത്തോടെ 118 ബില്യൺ ഡോളറായി കുതിച്ചുയർന്നിരുന്നു. ഇന്ത്യൻ വ്യവസായികളുടെയും നിക്ഷേപരുടെയും പങ്കാളിത്തം കൊണ്ടായിരുന്നു ഈ വളർച്ച. യുഎഇയിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ളതും ഇന്ത്യൻ സ്വദേശികൾക്കാണ്.

”നിക്ഷേപരംഗത്തെക്കുറിച്ചും ലോകസമ്പദ്ഘടനയെക്കുറിച്ചും വ്യവസായികൾക്കും നിക്ഷേപകർക്കുമുള്ള സംശയങ്ങളും അവ്യക്തതയും ഇല്ലാതാക്കാനുള്ള ഏറ്റവും മികച്ച വേദികളിലൊന്നാണ് ഷാർജ എഫ്ഡിഐ ഫോറമെന്ന് “ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്‌) എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ പറഞ്ഞു..

“ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരും മുൻനിര വ്യവസായികളും സാമ്പത്തികരംഗത്ത് നിർണായക സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളുമെല്ലാം ഇവിടെ ഒരുമിക്കുന്നു. വരുംകാല സമ്പദ്ഘടന ഒരുക്കിയെടുക്കാനുള്ള ചർച്ചകളും ആശയകൈമാറ്റങ്ങളും സംഭവിക്കുന്നു. നഷ്ടപ്പെടുത്താൻ പാടില്ലാത്ത അവസരമാണിത്. ഏതൊരു നിക്ഷേപകനും വ്യവസായിക്കും ഏറ്റവും മികച്ച ഭൗതിക-സാങ്കേതിക സാഹചര്യങ്ങളും നൂതന അറിവുകളും ലഭ്യമാവണമെന്ന ഷാർജയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഇത്തരം വേദികളെന്നും” അദ്ദേഹം പറഞ്ഞു.

ഷാർജയിലെ വിദേശ നിക്ഷേപം വർധിപ്പിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യവസായികൾക്ക് ഇവിടുത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമുള്ള വേദിയാകും ഫോറമെന്ന് ഷാർജ എഫ്ഡിഐ ഓഫീസ് (ഇൻവെസ്റ്റ് ഇൻ ഷാർജ) സിഇഒ ജുമാ അൽ മുഷറഖ് അഭിപ്രായപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ