ഷാര്‍ജ: നോവല്‍ എഴുതി പൂര്‍ത്തിയാക്കുന്നത് ഒരു വൃക്ഷം പൂര്‍ണ വളര്‍ച്ചയെത്തുന്നതു പോ ലെയാണെന്നു വിഖ്യാത എഴുത്തുകാരനും നൊബേല്‍ സമ്മാനജേതാവുമായ ഓര്‍ഹാന്‍ പാമുക്.
നോവലിലെ വരികളും അധ്യായങ്ങളും രൂപം കൊള്ളുന്നതു വൃക്ഷത്തില്‍ ഇലകളും ശാഖകളും കിളിര്‍ക്കുന്നതുപോലെയാണെന്നും ഓര്‍ഹാന്‍ പാമുക് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ ഉദ്ഘാടനദിനമായ വ്യാഴാഴ്ച സദസിനോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ 63 ഭാഷകളില്‍ തന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും തുര്‍ക്കി ഭാഷയില്‍ എഴുതുന്നതിനാല്‍ താന്‍ പ്രാഥമികമായി തുര്‍ക്കിക്കാര്‍ക്കുവേണ്ടിയാണ് എഴുതുന്നത്.
താന്‍ ഒരു ഇടതുപക്ഷവാദിയാണ്. ഇടതുപക്ഷക്കാരായ പല സുഹൃത്തുക്കളും ഓട്ടോമന്‍ സംസ്‌കാരത്തെ തള്ളിപ്പറഞ്ഞെങ്കിലും താന്‍ രചനകളിലെല്ലാം തുര്‍ക്കിയുടെ തനതു സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുകയാണു ചെയ്തത്. ഇതു ശരിയായ രീതിയില്‍ മനസിലാക്കാതെയാണു ഭരണകൂടവും രാഷ്ട്രീയനേതൃത്വങ്ങളും തന്നെ തുര്‍ക്കിവിരുദ്ധനായി ചിത്രീകരിച്ചത്.
Read Also: ഷാര്‍ജ പുസ്തകോത്സവത്തിന് തുടക്കമായി
‘മ്യൂസിയം ഓഫ് ഇന്നസെന്‍സ്’ എന്ന നോവലില്‍ പ്രതിപാദിച്ചിട്ടുള്ള വസ്തുക്കളെല്ലാം ശേഖരിച്ച് ഇസ്താംബൂളില്‍ മ്യൂസിയം സജ്ജമാക്കിയിട്ടുണ്ടെന്നു പറഞ്ഞ പാമുക്, തുര്‍ക്കിയിലെത്തിയാല്‍ മ്യൂസിയം സന്ദര്‍ശിക്കണമെന്ന് സദസിനോട് ആവശ്യപ്പെട്ടു.
സൂഫി കവിയായ റൂമിയെ നന്നായി വായിച്ചിട്ടുണ്ടെന്നു പറഞ്ഞ പാമുക്, സൂഫി സാഹിത്യത്തിലും അറബ്- പേര്‍ഷ്യന്‍-ഇസ്ലാം സാഹിത്യത്തിലും ആഴത്തിലുള്ള അര്‍ത്ഥതലങ്ങള്‍ ധാരാളമുണ്ടെന്നു കൂട്ടിച്ചേര്‍ത്തു. ഈ സാഹിത്യശാഖകളെയെല്ലാം താന്‍ സമീപിച്ചതു മതപരമായ താല്‍പ്പര്യത്തേക്കാള്‍ സാഹിത്യപരമായ താല്‍പ്പര്യം മൂലമാണ്.
തനിക്കു പൊതുവെയുള്ള രോഷം എപ്പോഴും എഴുതാന്‍ പ്രേരിപ്പിക്കുന്ന സ്വഭാവസവിശേഷതയാണ്. തന്നിലുറയുന്ന രോഷത്തെ ക്രിയാത്മകമായി മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് എഴുത്തിനെ ഉത്തേജിപ്പിക്കുമെന്നും പാമുക് പറഞ്ഞു.
തുര്‍ക്കിയുടെ ഓട്ടോമന്‍ പാരമ്പര്യത്തെയും തുര്‍ക്കി സംസ്‌കാരത്തെയും സാഹിത്യത്തെയും കുറിച്ചുള്ള ഓര്‍ഹാന്‍ പാമുക്കിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. അലി അല്‍ ഗൊബേഷാണ് ഓര്‍ഹാന്‍ പാമുക്കിനോട് സംവദിച്ചത്. സദസില്‍നിന്നുള്ള നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ ഒന്‍പതു വരെ നടക്കുന്ന മുപ്പത്തിയെട്ടാമതു ഷാര്‍ജ പുസ്തകോത്സവത്തില്‍ 81 രാജ്യങ്ങളില്‍നിന്നായി രണ്ടായിരം പ്രസാധകരാണു പങ്കെടുക്കുന്നത്. ‘തുറന്നപുസ്തകം തുറന്ന മനസ്’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ പുസ്തകോത്സവം. 68 രാജ്യങ്ങളിലെ 173 എഴുത്തുകാരും 28 രാജ്യങ്ങളില്‍നിന്നുള്ള 90 സാംസ്‌കാരിക വ്യക്തിത്വങ്ങളും പുസ്തകോത്സവത്തിനെത്തുന്നുണ്ട്.
അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ സ്റ്റീവ് ഹാര്‍വെ, ഇന്ത്യന്‍ കവിയും നോവലിസ്റ്റുമായ വിക്രം സേഥ്, ചലച്ചിത്ര സംവിധായകനും കവിയുമായ ഗുല്‍സാര്‍, അമേരിക്കയില്‍ വ്യക്തിത്വ വികസന കണ്‍സള്‍ട്ടന്റും സംരഭകനുമായ മാര്‍ക്ക് മന്‍സോണ്‍, ഇറാഖി മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇനാം കച്ചാച്ചി, ഇന്ത്യന്‍ എഴുത്തുകാരി അനിതാ നായര്‍ എന്നിവരാണ് ഇത്തവണത്തെ പുസ്തകോത്സവത്തിലെത്തുന്ന മറ്റു പ്രധാന എഴുത്തുകാര്‍.