ഷാര്‍ജ: ഷാര്‍ജ ബിനാലെയുടെ 15-ാം പതിപ്പ് ഫെബ്രുവരി ഏഴു മുതല്‍ ജൂണ്‍ വരെ 11 വരെ. ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എഴുപതിലധികം രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്പതിലധികം കലാകാരന്മാരുടെയും കൂട്ടായ്മകളുടെയും സാന്നിധ്യമുണ്ടാകും.
നൈജീരിയന്‍ ക്യുറേറ്ററായ ഒക്വുയി എന്വെസര് വിഭാവനം ചെയ്ത ബിനാലെ ‘വര്‍ത്തമാനകാലത്ത് ചരിത്രപരമായി ചിന്തിക്കുന്നു’ എന്ന പ്രമേയത്തിലാണു സംഘടിപ്പിക്കുന്നത്. സമകാലീന കലയെ മാറ്റിമറിക്കുകയും പരിണാമത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത എന്വെസറിന്റെ ദര്‍ശനപരമായ പ്രവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്ന ബിനാലെ ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന് ഡയറക്ടര്‍ ഹൂര്‍ അല്‍ ഖാസിമിയാണു ക്യൂറേറ്റ് ചെയ്യുന്നത്.
70 പുതിയ സൃഷ്ടികള്‍ ഉള്‍പ്പെടെ മുന്നൂറിലധികം കലാസൃഷ്ടികള്‍ ബിനാലെയിലുണ്ടാകും. ഈ സൃഷ്ടികള്‍ക്കൊപ്പം വിവിധ കലാപരിപാടികള്‍ ഷാര്‍ജ എമിറേറ്റിലെ അഞ്ച് നഗരങ്ങളിലായി പതിനെട്ടിലധികം വേദികളില്‍ അരങ്ങേറും.
ദ ഫ്ളൈയിങ് സോസര്‍, കല്‍ബ ഐസ് ഫാക്ടറിയും ഉള്‍പ്പെടെ ഫൗണ്ടേഷന് അടുത്തിടെ പുനഃരുജ്ജീവിപ്പിച്ച കെട്ടിടങ്ങള്‍, ഒരിക്കല്‍ പച്ചക്കറി മാര്‍ക്കറ്റ്, മെഡിക്കല്‍ ക്ലിനിക്ക്, കിന്റര്ഗാര്ട്ടന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ ചരിത്രപരമായ സ്ഥലങ്ങള്‍ വേദികളില്‍ ഉള്‍പ്പെടുന്നു.
ദൈനംദിന ജീവിതത്തെയും പ്രാദേശിക ഭാഷാ പാരമ്പര്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്മവും കരുതലുള്ളതുമായ നിരീക്ഷണങ്ങള്‍, പ്രകടനങ്ങള്‍, സംഗീതകച്ചേരികള്‍, വര്‍ക്ക്ഷോപ്പുകള്‍, മറ്റു പൊതു പരിപാടികള്‍ എന്നിവയില്‍ ഊന്നിയ വേദികളും ഓരോ നഗരത്തിലും സ്ഥിതിചെയ്യുന്ന പ്രാദേശിക കലാകേന്ദ്രങ്ങളും നാലു മാസം ഷാര്‍ജയിലുടനീളം ബിനാലെയുടെ ആവേശം പകരും.