ഷാര്‍ജ: അജ്മാനും ഉം അല്‍ ഖുവൈനും പിന്നാലെ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജയും. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 20 വരെ 51 ദിവസത്തേക്കാണ് ഈ സൗകര്യം.
ഈ കാലയളവില്‍ നിയമലംഘനങ്ങള്‍ക്കു ലൈസന്‍സില്‍ ട്രാഫിക് പോയിന്റുകളുണ്ടാവില്ല. വാഹനങ്ങള്‍ പിടിച്ചെടുക്കുകയുമില്ല. യു എ ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണു പ്രഖ്യാപനം.
ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ (എസ് ഇ സി) യോഗത്തിലാണു പിഴയിളവ് സംബന്ധിച്ച തീരുമാനമെടുത്തത്.
70 ലക്ഷം ദിര്‍ഹം ചെലവില്‍ അല്‍ മദാം-അല്‍ ബദയേര്‍ സ്ട്രീറ്റിന്റെ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴിയും സര്‍വീസ് റോഡും വികസിപ്പിക്കുന്നതിനും കൂടുതല്‍ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴിയും നടപ്പിലാക്കുന്നതിനുള്ള പദ്ധതിക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി.
യു എ ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അജ്മാനാണു ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്നു ഉം അല്‍ ഖുവൈനും ഇളവ് പ്രഖ്യാപിക്കുകയായിരുന്നു.
നവംബര്‍ 11നു മുന്‍പുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. ഇളവ് തുക നവംബര്‍ 21 മുതല്‍ ജനുവരി ആറ് വരെ അടയ്ക്കാം.
ഗുരുതരമായ നിയമലംഘനങ്ങള്‍ ഒഴികെയുള്ള സംഭവങ്ങളില്‍, പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കും. ലൈസന്‍സില്‍ ഏര്‍പ്പെടുത്തിയ ബ്ലാക്ക് ട്രാഫിക് പോയിന്റുകള്‍ റദ്ദാക്കുകയും ചെയ്യും. എന്നാല്‍, ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ഇളവുണ്ടാകില്ല.
ഒക്ടോബര്‍ 31-നു മുന്‍പുള്ള നിയമലംഘനങ്ങള്‍ക്കാണു ഉം അല്‍ ഖുവൈനില്‍ പിഴയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം ജനുവരി ആറു വരെ ഇളവ് ലഭിക്കും.ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ തീരുമാനത്തിന്റെ പരിധിയില്‍ വരില്ല.