ഷാർജ: മരുഭൂമിയിലെ ചൂടിലും പ്രകൃതിയുടെ പച്ചപ്പ്‌ നിറഞ്ഞ മനോഹര കാഴ്ചകളൊരുക്കി സന്ദർശകരുടെ മനം കവരുകയാണ് ഷാർജ അൽ നൂർ ദ്വീപ്. പച്ച പുതച്ചു നിൽക്കുന്ന വലിയ മരങ്ങളും കാടിന്റെ തണുപ്പ് പകരുന്ന തടിയിൽ തീർത്ത നടവഴികളുമെല്ലാമുള്ള ദ്വീപിലെ ഏറ്റവും വലിയ ആകർഷണം ഇവിടെ കൂടൊരുക്കിയ പക്ഷികളാണ്. ദേശാടന കിളികളുടെ ഇഷ്ടമേഖലയായ ഖാലിദ് ലഗൂണിലെ ഈ ദ്വീപ്, യുഎഇ യിലെ തന്നെ അപൂർവയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ്. രാവും പകലുമായി പല ദേശങ്ങളിൽ നിന്ന് ഇവിടേയ്ക്ക് ‘പക്ഷിസന്ദർശകരെ’ത്തെന്നു.

butter fly park in noor island

അൽ നൂർ ദ്വീപിലെ ചിത്രശലഭ പാർക്കിൽ നിന്നുളള​ദൃശ്യം

ഈ പക്ഷിവൈവിധ്യം അതിഥികൾക്ക് നേരിട്ടറിയാനുള്ള അവസരവും ഇപ്പോൾ അൽ നൂർ ദ്വീപിലുണ്ട്. വേനൽ ചൂടിൽ തണൽ തേടിയെത്തുന്ന സഞ്ചാരികൾക്കായി പക്ഷി ചിത്രങ്ങളുടെ പ്രദർശനമാണ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. നേരത്തെ സംഘടിപ്പിച്ച ഫൊട്ടോഗ്രാഫി മത്സരത്തിൽ നിന്ന് തിരെഞ്ഞെടുത്ത 33 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ദ്വീപിലെ വൃക്ഷങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത്.

”യുഎഇയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളിലൊന്നായ അൽ നൂർ ദ്വീപിലാണ് രാജ്യത്തെ പക്ഷി വൈവിധ്യത്തിന്റ പത്ത് ശതമാനവുമുള്ളത്. അൽ നൂർ ദ്വീപിന്റെ വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ 33 ചിത്രങ്ങൾ. പ്രകൃതിയുടെ തനിമയും ജൈവ വൈവിധ്യവും സംരക്ഷിക്കുകയാണ് അൽ നൂർ ദ്വീപിന്റെ ലക്‌ഷ്യം. ഇത് പോലെയുള്ള പ്രദർശനങ്ങളിലൂടെ ആ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാനാവും,”  അൽ നൂർ ദ്വീപ് മാനേജർ മർവ ഉബൈദ് അൽ ഷംസി പറയുന്നു. പ്രദർശനം രണ്ടു മാസം നീണ്ടു നിൽക്കും.

wooden path in al noor park

അൽ നൂർ ദ്വീപിലെ പാർക്കിലെ തടികൊണ്ടുളള​ നടപ്പാത

അൽ നൂർ പാർക്ക് 28,00 ചതുരശ്ര മീറ്ററിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ മൂന്നര കിലോമീറ്ററോളം ദൂരമുളള​ തടിപ്പാതയിലൂടെ സഞ്ചരിച്ച് കാണാം. പച്ചപ്പിന്റെ കാഴ്ചകളിലൂടയുളള ഈ യാത്രയിൽ കേൾക്കുന്ന പശ്ചാത്തല സംഗീതവും സഞ്ചാരികൾക്ക് ആസ്വാദകര്യമാണ്.

ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ട് പാർക്കിനും അൽ മുൻതസ ഉദ്യാനത്തിനും ഇടയിലുള്ള ഈ ദ്വീപ്, ‘ശലഭ ദ്വീപ്’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഡാർക്ക് ബ്ലൂ ടൈഗർ, പീക്കോക് പാൻസി,ലൈം ബട്ടർഫ്‌ളൈ ഗ്രേറ്റ് എഗ് ഫ്‌ളൈ തുടങ്ങിയ അത്യപൂർവ്വയിനങ്ങളിലുള്ള ചിത്രശലഭങ്ങളെ ഇവിടെ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ച ചിത്രശലഭങ്ങൾക്കു ജീവിക്കാൻ അനുയോജ്യമായ വിധത്തിൽ പ്രത്യേക സൗകര്യങ്ങളൊരുക്കിയ ‘ബട്ടർ ഫ്ലൈ ഹൗസി’ലാണ് ശലഭ കാഴ്ചകളുള്ളത്.

Read More: മൈനാവ് ശലഭദ്വീപിനെ കുറിച്ച് വായിക്കാം: പൂക്കളുടെ ദ്വീപും ചിത്രശലഭങ്ങളുടെ വീടും

അൽ നൂർ പള്ളിക്കു സമീപത്തെ പാലംവഴിയാണ് ദ്വീപിലേക്കുള്ള പ്രവേശനം. ഫോസിൽ റോക്കുകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശൻ മരങ്ങൾ, അപൂർവയിനം കള്ളിമുൾ ചെടികൾ, ലിറ്ററേച്ചർ പവലിയൻ കാറ്റിനനുസരിച്ച് നൃത്തമാടുന്ന വിവിധ വർണങ്ങളിലുള്ള കൊടികൾ തുടങ്ങി മറ്റനേകം കാഴ്ചകളും അൽനൂർ ദ്വീപിലെത്തുന്നവർക്കു ആസ്വാദ്യകരമായ കാഴ്ചയാകുന്നു. കുട്ടികൾക്കായുള്ള പാർക്കും റസ്റ്ററന്റും ദ്വീപിനകത്തുണ്ട്.
രാത്രികളിലാണ് അൽ നൂർ ദ്വീപ് ഏറ്റവും മനോഹരമാവുന്നത്. പുൽത്തകിടിയിൽ ഒളിപ്പിച്ചുവെച്ചിട്ടുളള വെളിച്ച സംവിധാനങ്ങൾ മിന്നാമിനുങ്ങിനെ പോലെ പ്രകാശം ചൊരിയുന്ന ദൃശ്യം ആരുടേയും മനം കവരുന്നതാണ്. മരങ്ങളിലും ചെടികളിലും ഉറപ്പിക്കുന്ന വർണ വൈവിധ്യങ്ങൾക്കൊപ്പം പതിഞ്ഞ സംഗീതം കൂടിയാവുമ്പോൾ സഞ്ചാരികളുടെ ആവേശം ഇരട്ടിക്കും.

ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ശുറൂഖ്‌) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അൽ നൂർ ദ്വീപിന് രാജ്യാന്തര തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രകൃതിയിൽ ലയിച്ചു നിൽക്കുന്ന വേറിട്ട കെട്ടിട മാതൃകയും ലോകപ്രശസ്തമാണ്. രാവിലെ ഒമ്പതുമുതലാണ് സന്ദർശക സമയം. പ്രവൃത്തിദിവസങ്ങളിൽ രാത്രി 11വരെയും വാരാന്ത്യദിനങ്ങളിൽ രാത്രി 12വരെയും സന്ദർശകരെ സ്വീകരിക്കും. റംസാൻ കാലത്ത് വൈകുന്നേരം മൂന്നു മണി മുതൽ രാത്രി പതിനൊന്നു വരെയാണ് പ്രവേശനം. ബട്ടർ ഫ്ലൈ ഹൗസ് വൈകുന്നേരം ഏഴ് മണിയോടെ അടയ്ക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ