ജിദ്ദ: സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സൗദി നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് ശ്രദ്ധേയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്, വിവിധ വകുപ്പുകളില്‍ നിയമനം, സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാം, തിയേറ്ററുകള്‍ക്ക് അനുമതി എന്നിവയുള്‍പ്പെടെ ശ്രദ്ധേയമായ പരിഷ്‌കാരങ്ങളാണ് നടപ്പാക്കി വരുന്നത്. കൂടാതെ ചരിത്രത്തില്‍ ആദ്യമായി അറബ് ഫാഷന്‍ വീക്കും രാജ്യം സംഘടിപ്പിച്ചിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിന്റെ മൂല്യങ്ങള്‍ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി മാഗസിന്‍ മുഖചിത്രത്തില്‍ സൗദി രാജകുമാരി പ്രത്യക്ഷപ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. കാറിന്റെ പിന്നിലെ ചക്രത്തിന് മുകളില്‍ നില്‍ക്കുന്ന സൗദി രാജകുമാരി ഹൈഫ ബിന്‍ത് അബ്ദുളള അല്‍ സൗദിന്റെ ചിത്രമാണ് വോഗ് അറേബ്യ മാഗസിന്റെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടത്. ജൂണ്‍ ലക്കത്തിലെ മുഖചിത്രത്തിലാണ് രാജകുമാരി പ്രത്യക്ഷപ്പെട്ടത്.

‘പുതുപാത വെട്ടിത്തെളിക്കുന്ന സൗദി സ്ത്രീകളുടെ ആഘോഷം’ എന്ന അടിക്കുറിപ്പോടെയാണ് മുഖചിത്രത്തില്‍ രാജകുമാരിയെ കാണാനാവുക. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിനുളള വിലക്ക് നീക്കിയതിന്റെ പശ്ചാത്തലത്തിലാണ് മാഗസിന്‍ കവര്‍ തയ്യാറാക്കിയത്. എന്നാൽ ഇതിനെതിരെയാണ് സോഷ്യൽ മീഡിയയില്‍ പ്രതിഷേധം പുകയുന്നത്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുളള അവകാശത്തിന് വേണ്ടി പോരാടിയ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരായ സ്ത്രീകള്‍ ജയിലില്‍ കിടക്കുമ്പോള്‍ രാജകുമാരി മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് നേരത്തെ വാഹനം ഓടിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് ഇക്കാര്യത്തില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. അടുത്ത മാസം മുതല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങും. എന്നാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇളവ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച സ്ത്രീകളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ ലൗജയിന്‍ അല്‍ ഹത്‌ലൗലും ഉള്‍പ്പെടും. ഇവരെ 2014ല്‍ അറസ്റ്റിലായത് വന്‍ വാര്‍ത്തയായിരുന്നു. 70 ദിവസമാണ് അന്ന് ജയിലില്‍ കഴിയേണ്ടി വന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ടതും ചില സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചതുമാണ് അറസ്റ്റ് ചെയ്യാന്‍ കാരണമായത്.

വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിച്ചവര്‍ ജയിലില്‍ കിടക്കുമ്പോള്‍ രാജകുമാരിയെ കവർമോഡലാക്കിയുളള അവകാ​ശവാദം ഇരട്ടനയമാണെന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസങ്ങളായി 11ഓളം സ്ത്രീ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ