ദുബായ്: പുതിയ അധ്യയന വര്‍ഷം ആരംഭിച്ച ദുബായിലെ അറബിക് വിദ്യാലയങ്ങളില്‍ ഇന്നു രാവിലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മിന്നല്‍ സന്ദര്‍ശനം നടത്തി.

Dubai School, New Academic Year

വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംസാരിച്ച അദ്ദേഹം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും മറ്റു സൗകര്യങ്ങളും വിശദമായി പരിശോധിച്ചു. അല്‍ മുക്തോം ബോയ്‌സ് സ്‌കൂളായിരുന്നു അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത്. പിന്നീട് പ്രൈമറി ഗേള്‍സ് സ്‌കൂള്‍ ഉള്‍പ്പെടെ മറ്റു സ്‌കൂളുകളിലും സന്ദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ സന്ദര്‍ശന ചിത്രങ്ങള്‍ ദുബായ് മീഡിയ ഓഫീസാണ് പുറത്തു വിട്ടത്.

സ്വകാര്യ സ്‌കൂളുകളും സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പെടെ 10 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് മധ്യവേനലവധിക്കു ശേഷം സ്‌കൂളില്‍ തിരിച്ചെത്തിയത്. നിരവധി സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ റെക്കോര്‍ഡ് പ്രവേശനമാണ് ആദ്യ ദിനം തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്തംബര്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടുത്തെ അധ്യയന വര്‍ഷത്തിന്റെ കാലയളവ്. അറബി കൂടാതെ, അമേരിക്കന്‍-ബ്രിട്ടീഷ് സിലബസ്, ഇന്ത്യന്‍, പാക്കിസ്ഥാനി, ഫ്രഞ്ച്, കനേഡിയന്‍ സിലബസ് ഇന്നിവയും ഇവിടുത്തെ സ്‌കൂളുകളില്‍ ഉണ്ട്.

Dubai School, New Academic Year

ബലി പെരുനാള്‍ അവധി കഴിഞ്ഞ് ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ചിലത് തുറന്നിരുന്നുവെങ്കിലും, ഇന്നത്തോടെ എല്ലാ സ്‌കൂളുകളും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.

ചിത്രങ്ങൾക്ക് കടപ്പാട്: ദുബായ് മീഡിയ ഓഫീസ് ട്വിറ്റർ പേജ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ