ജിദ്ദ: നാലുവര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി ഡല്‍ഹി വിദേശ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്‍റ് കള്‍ച്ചറല്‍ അഫയേഴ്സ് കോണ്‍സല്‍ ഡോ. ഇര്‍ഷാദ് അഹമ്മദിന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി. മാധ്യമ മേഖലക്ക് ഡോ. ഇര്‍ഷാദ് അഹമ്മദ് നല്‍കിയത് സ്ത്യത്യർഹമായ സേവനങ്ങളായിരുന്നുവെന്ന് മീഡിയാ ഫോറം പ്രവർത്തകർ അഭിപ്രായപ്പെട്ടു.

പ്രസിഡന്‍റ് പി.എം. മായിന്‍കുട്ടിയും ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂരും മീഡിയ ഫോറത്തിന്‍റെ ഉപഹാരം സമ്മാനിച്ചു. കോണ്‍സുലേറ്റിലെ അദ്ദേഹത്തിന്‍റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഹസന്‍ ചെറൂപ്പ, അബ്ദുറഹ്മാന്‍ വണ്ടൂര്‍, സി.കെ. ശാക്കിര്‍, ജലീല്‍ കണ്ണമംഗലം, ജാഫറലി പാലക്കോട്, കബീര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജിദ്ദയിലെ പത്രപ്രവര്‍ത്തകരെല്ലാം തനിക്ക് ഒരു വിളിപ്പാടകലെയായിരുന്നുവെന്നും ഏതു കാര്യത്തിലും അവര്‍ നല്‍കിയിരുന്ന സഹകരണം മറക്കാനാവാത്തതാണെന്നും യാത്രയയപ്പിന് മറുപടി രേഖപ്പെടുത്തിയ ഡോ. ഇര്‍ഷാദ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യന്‍ സമൂഹം ഊര്‍ജസ്വലരും സംഘടിതരും സഹകരണ മനോഭാവമുള്ളവരുമാണ്. അവരുടെ സേവനങ്ങള്‍, പ്രത്യേകിച്ച് പൊതുമാപ്പുപോലുള്ള സന്ദര്‍ഭങ്ങളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഒട്ടേറെ ആശ്വാസങ്ങള്‍ നല്‍കിയിട്ടുണ്ട്. ജിദ്ദയിലെ സേവന കാലം ഏറെ സന്തോഷം പകരുന്നതും ആനന്ദം നല്‍കുന്നതുമായിരുന്നുവെന്നും സംതൃപ്തിയോടെയാണ് മടക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം അവസാനത്തോടെ ഡല്‍ഹിയിലേക്കു മടങ്ങുന്ന ഡോ. ഇര്‍ഷാദിന് പകരമായി വൈ.കെ. ശുക്ല സ്ഥാനമേല്‍ക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ