റിയാദ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ ”വനിതാ ക്ഷേമവും സുരക്ഷയും” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

ദാരിദ്ര്യത്തെ രൂക്ഷമാക്കുന്ന ഭരണകൂട നയങ്ങള്‍ക്കും സാമൂഹ്യ സാംസ്‌കാരിക ജീവിതത്തെ നിര്‍ണ്ണയിക്കുന്ന ഫ്യുഡല്‍ മേധാവിത്വ അധികാര ബന്ധങ്ങള്‍ക്കും സ്ത്രീകളുടെ മാനസിക ശാരീരികാവസ്ഥകളെ നിയന്ത്രിക്കുന്ന ആണ്‍കോയ്മ മൂല്യങ്ങള്‍ക്കുമെതിരെ ഒരേസമയം സമരം ചെയ്യുക എന്ന ഉത്തരവാദിത്വമാണ് ഇഡ്യയില്‍ സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ളതെന്ന് സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിര്‍യുള്ള അതിക്രമങ്ങൾ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. തൊഴിലിടങ്ങളില്‍, പൊതുസ്ഥലങ്ങളില്‍ രാവെന്നൊ പകലെന്നോ ഭേദമില്ലാതെ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. സ്വന്തം വീടിന്റെ അടച്ചിട്ട വാതിലുകള്‍ക്കുള്ളിലും സ്ത്രീ സുരകഷിതയല്ല. വാഹനങ്ങളും കടയും കമ്പോളവും കടല്‍ത്തീരവും മൈതാനവും സ്ത്രീകള്‍ക്കിന്നു പേടിസ്വപ്നമാണ്. പുരോഹിതനും പൂജാരിയും അഛചനും ആങ്ങളയും, സുഹൃത്തുക്കളും സ്ത്രീയെ ക്രൂരമായി കൈകാര്യം ചെയ്യുന്നു. സ്ത്രീകളുടെ അന്തസ്സുറ്റ ജീവിതത്തം ഉറപ്പുവരുത്താന്‍ മുതലാളിത്ത ഫ്യുഡല്‍ വ്യവസ്ഥതിയുടെ ഭാഗമായി വളര്‍ന്നുവരുന്ന മനുഷ്യത്വരഹിതമായ എല്ലാറ്റിനോടും കലഹിച്ചേ മതിയാവൂ. സാര്‍വ്വദേശീയ വനിതാദിനം ഒരു നൂറ്റാണ്ടിലേറെ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതു നല്‍കുന്നത് വരാന്‍ പോകുന്ന കാലത്തെ സ്ത്രീ വിമോചന പോരാട്ടങ്ങള്‍ക്കായി കൂടുതല്‍ സജ്ജരാകേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

നോട്ട് നിരോധനമെന്ന മനുഷ്യ നിര്‍മ്മിത ദുരന്തമുണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ ക്ഷേമത്തിനും സുരക്ഷക്കും അതോടൊപ്പം പ്രവാസി ക്ഷേമത്തിനും മുന്തിയ പരിഗണന നല്‍കിയ പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഈ സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്കൊപ്പമാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കേളി സെക്രട്ടറി റഷീദ് മേലേതില്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു. സീബ അനിരുദ്ധന്‍ മോഡറേറ്ററായി. പ്രിയ വിനോദ് പ്രബന്ധം അവതരിപ്പിച്ചു. കെഎംസിസി വനിതാ വിഭാഗം എക്‌സിക്യുടീവ് അംഗം റെജുല മനാഫ്, സിന്ധു ഷാജി, മാജിദ ഷാജഹാന്‍, സുനിത അശോകന്‍, അഡ്വ. നബിലാ കാഹിം, ഷൈനി അനില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. റെജി സുരേഷ് സ്വാഗതവും സന്ധ്യ പുഷ്പരാജ് നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ