റിയാദ്: സൗദി അറേബ്യയിൽ ഏപ്രിൽ ഒന്ന് മുതൽ പ്രത്യേക നികുതി പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭായോഗമാണ് നികുതി നടപ്പാക്കുന്നതിന് അനുമതി നൽകിയത്. രാജ്യത്ത് പുതിയ നികുതി നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങൾ, എനർജി ഡ്രിങ്കുകൾ എന്നിവക്ക് നൂറ് ശതമാനവും, ശീതള പാനീയങ്ങൾക്ക് അമ്പത് ശതമാനവുമാണ് അധിക നികുതിയായി വരുന്നത്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും സൗദിയിൽ ഉത്പാദിപ്പിക്കുന്നതുമായ പുകയില ഉൽപന്നങ്ങളുടെയും, എനർജി ഡ്രിങ്കുകളുടെയും നിർമ്മാണവും ഉപഭോഗവും ഗണ്യമായി കുറക്കാൻ പുതിയ നികുതി ചുമത്തൽ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. പുതിയ നികുതി വരുമാനം വഴി പ്രതിവർഷം 1200 കോടി സൗദി റിയാൽ വരുമാനമായി ഖജനാവിലേക്കെത്തുമെന്നാണ് കണക്കാക്കുന്നത്.

പ്രതിവർഷം രാജ്യത്ത് 700 കോടി സൗദി റിയാലിന്റെ പുകയിലയും 600 കോടി റിയാലിന്റെ ശീതള പായനീയങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഏപ്രിൽ ഒന്ന് മുതൽ വിൽപന നടത്തുന്ന പഴയ സ്റ്റോക്കിനും നികുതി നൽകേണ്ടി വരും. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം മധ്യത്തോടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും ഈ നിയമം നിലവിൽ വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ