മനാമ: ബഹ്‌റൈനില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന അനധികൃത ഇഫ്താര്‍ ടെറ്റുകള്‍ക്ക് മുന്നറിയിപ്പ്. ഇഫ്താര്‍ ടെന്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ സതേണ്‍ മുനിസിപ്പല്‍ കൗണ്‍സിലും ക്യാപ്പിറ്റല്‍ ട്രസ്റ്റി ബോര്‍ഡും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടു. ഇത്തരം റമസാന്‍ ടെന്റുകളില്‍ ആള്‍ക്കാര്‍ കിടന്നുറങ്ങുന്നതു വിലക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പല കേന്ദ്രങ്ങളില്‍ ഒരുതരത്തിലുമുള്ള സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെയാണു ടെന്റുകള്‍ സ്ഥാപിക്കുന്നതെന്നും ഇവിടങ്ങളില്‍ വൈദ്യുതി ഉപയോഗിക്കുന്നത് അപകടത്തിനു കാരണമാകാന്‍ സാധ്യയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം ടെന്റുകളില്‍ ഷീഷ ഉപയോഗിക്കുന്നതു കാരണം തീപ്പിടിത്തത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ടെന്റുകളില്‍ തീപ്പിടിച്ചാല്‍ അതു ജനവാസ കേന്ദ്രങ്ങളിലേക്ക് എളുപ്പം പടര്‍ന്നു പിക്കാനും സാധ്യതയുണ്ട്. മുനിസിപ്പല്‍ അതോറിറ്റിയില്‍ നിന്നും ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളില്‍ നിന്നും ആവശ്യമായ അനുമതി ഇല്ലാതെ ഇത്തരം ടെന്റുകള്‍ സ്ഥാപിക്കാന്‍ പാടില്ല.

റമസാന്‍ ടെന്റുകളുടെ സുരക്ഷ മുന്‍ നിര്‍ത്തി ആഭ്യന്തര മന്ത്രാലയം കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ടെന്റ് ഉപയോഗിക്കുന്നവര്‍ക്കു സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘു ലേഖകള്‍ നല്‍കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചതിന്റെ പേരില്‍ ടെന്റില്‍ സുരക്ഷിതമല്ലാത്ത രീതികൾ തുടരാന്‍ പാടില്ലെന്നു സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ അന്‍സാരി പറഞ്ഞു.

ടെന്റില്‍ അത്താഴത്തിനായി ചാര്‍ക്കോള്‍ ഗ്രില്‍ പാകം ചെയ്യുന്നതും അത്താഴ ശേഷം ടെന്റില്‍ കിടന്നുറങ്ങുന്നതും പതിവാണ്. ഇത് അപകട സാധ്യത ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ടെന്റില്‍ പുക നിറഞ്ഞ് ശ്വാസം മുട്ടന്‍ അനുഭവപ്പെടും. മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ ജനങ്ങള്‍ അത് അനാവശ്യമാണെന്നാണു കരുതുന്നത്. എന്നാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളില്‍ നിന്ന് അധികൃതര്‍ക്കു പിന്നോട്ടു പോവാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ