റിയാദ്: “മാനവ് സുരക്ഷാ കാനൂൻ” (മസുക) നിയമം പാസ്സാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു പാർലമെന്റിനകത്തും പുറത്തും നടക്കുന്ന പ്രക്ഷോഭപരിപാടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് റിയാദിൽ മതേതര ജനാധിപത്യ വേദി നടത്തിക്കൊണ്ടിരിക്കുന്ന ക്യാംപെയിന്റെ ഭാഗമായി ഇന്ത്യൻ പ്രസിഡന്റിനും കേരള മുഖ്യമന്ത്രിക്കും സമർപ്പിക്കുന്ന ഭീമ ഹർജിയുടെ ഒപ്പുശേഖരണത്തിന് തുടക്കമായി. ഓഗസ്റ്റ് 6-ന് റിയാദിൽ നടന്ന ചടങ്ങിൽ മുഹമ്മദലി മുണ്ടാടൻ ഉദ്ഘാടനം നിർവഹിച്ചു. ആർ.മുരളീധരൻ അധ്യക്ഷത വഹിച്ചു.

ഫാസിസം ചവിട്ടിത്താഴ്ത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മഹത്തായ ഇന്ത്യൻ ഭരണഘടന തിരിച്ചുപിടിക്കുന്നതിനായി നടക്കുന്ന പ്രക്ഷോഭത്തിൽ നമ്മുടെ സ്ത്രീകളും പുരുഷന്മാരും വിദ്യാർഥി-വിദ്യാർഥിനികളും പങ്കാളികളാവണമെന്ന് ആമുഖപ്രഭാഷണം നടത്തിയ ഉബൈദ് എടവണ്ണ പറഞ്ഞു. ഒപ്പുശേഖരണത്തിന്റെ രീതികൾ ജനറൽ സെക്രട്ടറി നിബു മുണ്ടിയപ്പള്ളി വിശദീകരിച്ചു. ഒന്നര മാസത്തിനുള്ളിൽ ചുരുങ്ങിയത് 10,000 ഒപ്പുകളെങ്കിലും ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. റിയാദിലും പരിസരപ്രദേശങ്ങളിലുമുള്ള സാമൂഹ്യ സംഘടനകൾ നടത്തുന്ന പരിപാടികൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും ലേബർ ക്യാമ്പുകൾ വഴിയും നേരിട്ടും ഒപ്പുശേഖരണം നടത്തും. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാവരും ഇതിൽ പങ്കാളികളാകണമെന്നും നിബു പറഞ്ഞു. ഭീമഹർജിയിൽ ഒപ്പിടാനാഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും അർഷാദ് മേച്ചേരിയെ (0558240600) ബന്ധപ്പെടേണ്ടതാണ്.

ഐ പി ഉസ്മാൻ കോയ, സലിം മാഹി, ജയശങ്കർ പ്രസാദ്, ജയൻ കൊടുങ്ങല്ലൂർ, മുഹമ്മദ് കുഞ്ഞി, സൈനലാബ്ദീൻ, മൻസൂർ വേങ്ങര, ഫൈസൽ പൂനൂർ, റാഫി പാങ്ങോട്, രാജൻ നിലംബൂർ, ഹാരിസ് വാവാട്, അഷ്‌റഫ് മേലാറ്റൂർ, ലത്തീഫ് തെച്ചി, ബഷീർ താമരശ്ശേരി, അബ്ദുൽ ലത്തീഫ്, അബ്ദുൽ ലത്തീഫ് കണ്ണൂർ, അയൂബ് കരൂപ്പടന്ന, ഹബീബ് റഹ്‌മാൻ, അസ്‌ലം പാലത്ത്, എന്നിവർ സംസാരിച്ചു. നിബു മുണ്ടിയപ്പള്ളി സ്വാഗതവും ഹിദായത്ത് നിലംബൂർ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ