scorecardresearch
Latest News

മോദിക്കും ഹിറ്റ്ലർക്കും ഇഷ്‌ടപ്പെട്ട മാധ്യമം റേഡിയോ – ഡോ. സെബാസ്റ്റ്യൻ പോൾ

രാജ്യസഭയിൽ ഭൂരുപക്ഷം കിട്ടിയാലും ഭരണഘടന മാറ്റം വരുത്താനാകില്ല. അതെ സമയം ഭരണഘടനയിൽ മാറ്റം വരുത്താതെ തന്നെ അവരുടെ ആവശ്യങ്ങൾ നടപ്പാക്കുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കണ്ട് കൊണ്ടിരിക്കുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

narendra modi, bjp

റിയാദ് : അങ്ങോട്ട് പറഞ്ഞാൽ കേൾകാത്തതും ഇങ്ങോട്ടും എന്തും പറയാവുന്നതുമായ റേഡിയോയാണ് നരേന്ദ്രമോഡിക്കും ഹിറ്റ്ലർക്കും ഇഷ്‌ടപ്പെട്ട മാധ്യമമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ സെബാസ്റ്റ്യൻ പോൾ റിയാദിൽ പറഞ്ഞു. റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” റേഡിയോ പ്രഭാഷണം ആദ്യമായി പ്രധാന മാധ്യമാക്കിയത് ഹിറ്റ്ലറാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന “മൻകി ബാത്” പോലുള്ള പരിപാടികളും ഇത്തരത്തിലുള്ളതാണ്. 2019 ൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. 2019 ൽ പ്രതിപക്ഷ ഐക്യനിരയുണ്ടാകും അതിന്റെ കരുത്ത് മോഡി സർക്കാരിനെ തകർക്കാനാകുമോ എന്ന് കണ്ടറിയേണ്ടതാണ്. വലിയ പ്രതീക്ഷയിൽ കാത്തിരുന്ന രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് നിരാശാജനകമാണ്. സ്വന്തം ഭാഗത്ത് നിന്നും കിട്ടേണ്ട വോട്ട് പോലും ഉറപ്പിക്കാനാകുന്നില്ല ഇങ്ങിനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ആഗ്രഹിക്കുന്ന പോലുള്ള ഒരു ഐക്യനിര ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.” മുന്‍ പാര്‍ലമെന്‍റ് അംഗം പറഞ്ഞു.

കേരളത്തിൽ വലതും ഇടതും മത്സരിച്ചു ആര് ജയിച്ചാലും ഡെൽഹിയിലെത്തിയാൽ ബി ജെ പി ക്ക് എതിരായിരിക്കും എന്നതാണ് ആശ്വാസം. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരവസ്ഥ നില നിൽക്കുന്നുണ്ടെന്നത് ഒരു സത്യമാണ്. വാർത്തകൾക്ക് സെൻസർഷിപ്പില്ല പക്ഷെ എന്തെഴുതണം എന്തെഴുതരുത് എന്ന് എല്ലാ മാധ്യമങ്ങൾക്കും അറിയാം. ദേശീയ മാധ്യമങ്ങൾ വാർത്തകൾ പുറത്ത് വിടുന്നതിൽ കാര്യമായ സെൻസർഷിപ്പ് ഏർപെടുത്തിയിട്ടുണ്ട് അത് തന്നെയാണ് അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആരെയും ഭയപ്പെടാത്ത മാധ്യമ സ്ഥാപനങ്ങൾ പോലും ആരൊക്കെയോ ഭയപ്പെടുന്നുണ്ട് ഇത് മാധ്യമ പ്രവർത്തനത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും അത്ര ഗുണകരമല്ല.

ഒരിക്കൽ കൂടി ഈ സർക്കാർ ഭരണത്തിലെത്തിയാൽ ഇത്തരത്തിലുള്ള അപകടം വർദ്ധിക്കാനാണ് സാധ്യത. പ്രതിപക്ഷത്തിന്റെ ഐക്യനിര ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2004 ആവർത്തിക്കപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭയിൽ ഭൂരിപക്ഷം കിട്ടിയാലും ഭരണഘടന മാറ്റം വരുത്താനാകില്ല. അതെ സമയം ഭരണഘടനയിൽ മാറ്റം വരുത്താതെ തന്നെ അവരുടെ ആവശ്യങ്ങൾ നടപ്പാക്കുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കണ്ട് കൊണ്ടിരിക്കുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

വാർത്ത : നൗഫൽ പാലക്കാടൻ

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Sebastian paul narendra modi adolf hitler man ki bath