റിയാദ്: റിയാദ്​ പ്രവിശ്യയിലെ ദവാദ്​മിയിലെ ഹില്ലത്തിൽ നടക്കുന്ന പുരാവസ്​തു ഖനനത്തി​​ന്റെ പുതിയ വിവരങ്ങൾ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ്​ നാഷനൽ ഹെറിറ്റേജ്​ (എസ്​സിടിഎച്ച്​) പുറത്തുവിട്ടു.

ഇസ്‌ലാമിക കാലഘട്ടത്തിന്റെ തുടക്കത്തിൽ ഈ പ്രദേശത്തുണ്ടായിരുന്ന ജനവാസ പ്രദേശമാണ് ഉത്ഖനനത്തിലൂടെ കണ്ടെത്തിയത്. വലിയൊരു മസ്ജിദും അതിന് ചുറ്റും ജനവസമേഖലയുമായി പരന്നു കിടക്കുന്ന പ്രദേശമാണ് ഹില്ലിത്ത്​ ആർക്കിയോളജിക്കൽ സൈറ്റിലെ ആദ്യ സീസൺ ഉത്ഖനനത്തിലൂടെ പുറത്തുവന്നത്.

മേഖലയുടെ പുരാവസ്​തു, ചരിത്ര പ്രാധാന്യം വെളിവാക്കുന്നതാണ്​ ആദ്യഘട്ട കണ്ടെത്തലുകൾ. ആദ്യകാല ഇസ്​ലാമിക വാസ്​തുവിദ്യ മാതൃകയിലുള്ള വിസ്​തൃതമായ മസ്​ജിദാണ്​ ഖനനത്തിൽ തെളിഞ്ഞതെന്ന്​ എസ്​സിടിഎച്ച് റിയാദ്​ പ്രവിശ്യ ഡയറക്​ടർ അജബ്​ അൽഉതൈബി പറഞ്ഞു. ധാതുസംസ്​കരണത്തിനുള്ള സംവിധാനങ്ങൾ ഉള്ള വീടുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്​. ആദ്യകാല ഇസ്​ലാമിക ഗ്രന്ഥങ്ങളിൽ പറയുന്ന തരത്തിൽ ധാതുഖനനം, സംസ്​കരണം എന്നിവയ്ക്കുളള തെളിവുകളും ലഭിച്ചു.

സെറാമിക്​ പാത്രങ്ങൾ, ഗ്ലാസ്​, അളവുപാത്രങ്ങൾ എന്നിവയും കിട്ടിയിട്ടുണ്ട്​. സജീവമായ വ്യാവസായിക പ്രവർത്തനങ്ങൾ നടന്നിരുന്നതി​​ന്റെ തെളിവും കാണാം. ഉമവി കാലം മുതൽ അബ്ബാസി യുഗത്തി​​ന്റെ ആദ്യം വരെയുള്ളതാണ്​ ഇവിടെ കണ്ടെത്തിയ വസ്​തുക്കളുടെ കാലപഴക്കം. ഇനിയും ഒട്ടേറെ പുരാവസ്തുശേഖരങ്ങൾ തുടർ ഉത്ഖനനത്തിലൂടെ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.

ഇസ്​ലാമി​​ക കാലഘട്ടത്തിന്റെ തുടക്കം മുതൽ തന്നെ ഖനനപ്രവർത്തനങ്ങൾ നടന്നിരുന്ന സ്​ഥലം എന്നതാണ്​ ഹില്ലിത്തി​ന്റെ പ്രത്യേകത.

വാർത്ത: സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook