മനാമ: ബഹ്‌റൈനിലെ കുരുന്നു പ്രതിഭകള്‍ക്കായി ഇന്ത്യന്‍ സ്‌കൂള്‍ ഒരുക്കുന്ന ശാസ്ത്ര പ്രശ്‌നോത്തരി മത്സരത്തിന്റെ ഫൈനല്‍ വെള്ളിയാഴ്ച നടക്കും. ഇന്ത്യന്‍ സ്‌കൂളിന്റെ റിഫ കാമ്പസില്‍ നടക്കുന്ന ‘മദര്‍കെയര്‍ ഡോ. എ.പി.ജെ.അബ്ദുള്‍കലാം ഇന്റര്‍ ജൂനിയര്‍ സ്‌കൂള്‍ സയന്‍സ് ക്വിസ് 2017’ എന്ന് പേരിട്ട മത്സരത്തില്‍ ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ഒമ്പതും പത്തും വയസുള്ള പ്രതിഭകള്‍ മാറ്റുരക്കും. ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുതുമയാര്‍ന്ന ഈ സംരംഭം മിസൈല്‍ സാങ്കേതിക വിദഗ്ധനും ചിന്തകനുമായിരുന്ന മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിനു ആദര സൂചകമായാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്രാവബോധവും വേറിട്ട ചിന്തയും വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ ക്വിസ് മത്സരമെന്നു ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്.നടരാജന്‍ പറഞ്ഞു. കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകളെ പരിപോഷിപ്പിക്കാന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി ഡോ.ഷെമിലി പി.ജോണ്‍ പറഞ്ഞു. ഈ സംരംഭം ഒരു മികച്ച പഠനാനുഭവം ആക്കിമാറ്റാനുള്ള തയാറെടുപ്പു നടത്തുന്ന സ്‌കൂള്‍ അധ്യാപകരെ റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ സുധിര്‍ കൃഷ്ണന്‍ അഭിനന്ദിച്ചു.

indian school, bahrain

ക്വിസിന്റെ പ്രാഥമിക റൗണ്ട് ഒരു അഭിമാന നിമിഷം ആയിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ബഹ്റൈനിലെ 13 സ്‌കൂളുകളെ പ്രതിനിധീകരിച്ചു പങ്കെടുത്ത 37 ടീമുകളിലെ ഓരോ വിദ്യാര്‍ഥിക്കും ആവേശജനകമായ അനുഭവമായിരുന്നു പ്രാഥമിക റൗണ്ട്. ഓരോ സ്‌കൂളിലെയും ഒരു ടീം സെമി ഫൈനല്‍ റൗണ്ടില്‍ എത്തിക്കഴിഞ്ഞു. ഇതില്‍ നിന്നും ആറു ശക്തമായ ടീമുകള്‍ വാശിയേറിയ ഫൈനലില്‍ മത്സരിക്കും. ഒക്ടോബര്‍ 27നു വെള്ളിയാഴ്ച 4.30 നു സെമിഫൈനലും തുടര്‍ന്ന് 6.30 നു ഫൈനലും നടക്കും.

ക്വിസ് മാസ്റ്റര്‍ ശരത് മേനോനും സംഘവുമാണ് ശാസ്ത്ര പ്രശ്‌നോത്തരി നയിക്കുന്നത്. കുട്ടികളില്‍ ശാസ്ത്ര കൗതുകവും അവബോധവും വളര്‍ത്താന്‍ ഉതകുന്ന ചോദ്യങ്ങള്‍ അവര്‍ തയാറാക്കിയിരുന്നു. ശാസ്ത്രത്തോടുള്ള അഭിരുചി പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലെ പ്രാഥമിക റൗണ്ടില്‍ കുട്ടികള്‍ മികച്ച പ്രകടനം നടത്തിയാതായി ക്വിസ് മാസ്റ്റര്‍ പറഞ്ഞു. കാണികളില്‍ ആവേശം പകരുന്നതിനായി ഓഡിയന്‍സ് റൗണ്ടില്‍ പത്തോളം ചോദ്യങ്ങള്‍ ഉണ്ടാവും. വിജയികള്‍ക്ക് ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook