റിയാദ്: ഹിജ്‌റ വർഷം ഒന്നാം തീയതി (സെപ്റ്റംബർ 11) മുതൽ ചില മേഖലകളിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണം മൂലം ബത്ഹ ഉൾപ്പടെയുള്ള നഗരങ്ങൾ നിശ്ചലമായെന്ന വാർത്ത അടിസ്ഥാന രഹിതം. ഇവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ പതിവുപോലെ തുറന്നു പ്രവർത്തിച്ചിരുന്നു.

സൗദി അറേബ്യയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിൽ ചെറിയ തോതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ പരിവർത്തന പദ്ധതിക്കൊപ്പമാണ് പ്രവാസികളുടെ മനസ്സ്. സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്ന മേഖലകളും വരും മാസങ്ങളിൽ വരാനിരിക്കുന്ന മേഖലകളെ കുറിച്ചും തൊഴിൽ മന്ത്രാലയം മുൻകൂട്ടി അറിയിച്ചതിനാൽ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് തടസ്സമായില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

മുൻ കൂട്ടിയുള്ള തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ആവശ്യമായ സ്വദേശികളെ നേരത്തെ തന്നെ നിയമിച്ചവരാണ് സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും. അതിനാൽതന്നെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് കടകൾ അടച്ചിടേണ്ടി വന്നിട്ടില്ല. എന്നാൽ നിയമം നടപ്പിലാകില്ല എന്ന ധാരണയിൽ അവസാനം വരെ കാത്ത് നിന്നവരാണ് ഇപ്പോൾ വെട്ടിലായതും കടകൾ അടച്ചതും.

എന്നാൽ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ നഗരങ്ങളെല്ലാം നിശ്ചലമായെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിയാദിലെ പ്രധാന വസ്ത്ര വിപണന കേന്ദ്രങ്ങളെല്ലാം തിങ്കളാഴ്ചയും തുടർന്നും പതിവ് പോലെ പ്രവർത്തിക്കുന്നുണ്ട്. ചിലയിടത്ത് തൊഴിൽ മന്ത്രാലയം പരിശോധന നടത്തിയെങ്കിലും നിർദേശമനുസരിച്ചു സ്വദേശികൾ ജോലിക്കുണ്ടായതിനാൽ അവർ അഭിനന്ദിച്ചു മടങ്ങി.

അതേസമയം യാതൊരു മുൻകരുതലുമില്ലാതെ വിദേശികളെ മാത്രം ജോലിക്ക് വച്ച സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ സ്ഥാപന ഉടമക്കും ജോലിക്കാരനും പിഴയിട്ടു. ആദ്യം നൂറ് ശതമാനം സൗദിവത്കരണം പ്രഖ്യാപിച്ച മേഖലകളിൽ മുപ്പത് ശതമാനം ഇളവ് വരുത്തിയത് ആയിരക്കണക്കിന് വിദേശികൾക്ക് അനുഗ്രഹമായി. സെപ്റ്റംബർ പതിനൊന്നോടെ ജോലി അവസാനിപ്പിക്കാൻ നിർദേശം കിട്ടിയ പലർക്കും ഈ ഇളവു കൊണ്ട് തൊഴിലിടങ്ങളിൽ തുടരാനായി.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook