റിയാദ്: സൗദിയിൽ 12 തൊഴിൽമേഖലകളിൽ കൂടി ഈ വർഷം സെപ്​റ്റംബർ മുതൽ സ്വദേശിവത്​കരണം നടപ്പാക്കും. വാച്ച്​, കണ്ണട, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്​ട്രിക്കൽ വൈദ്യുതി ഉപകരണങ്ങൾ, വാഹന സ്​പെയർപാർട്​സ്​, കെട്ടിട നിർമാണ വസ്​തുക്കൾ, കാർപറ്റ്​, കാർ, മോട്ടോർ സൈക്കിൾ, ഫർണിച്ചർ, ഓഫീസ്​ ഉപകരണങ്ങൾ, റെഡിമെയ്​ഡ്​ വസ്​ത്രങ്ങൾ, കുട്ടികൾക്കുള്ള വസ്​ത്രങ്ങൾ, പുരുഷന്മാർക്ക്​ മാത്രമായ വസ്​തുക്കൾ, മിഠായി എന്നിവ വിൽക്കുന്ന കടകളിലെ ജോലികളാണ്​ സ്വദേശികൾക്ക്​ മാത്രമാക്കി വിജ്​ഞാപനം പുറപ്പെടുവിച്ചത്​. തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് അംഗീകാരം നല്‍കിയ നിയമത്തെക്കുറിച്ച് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈലാണ് വ്യക്തമാക്കിയത്.

സെപ്​റ്റംബർ 11 മുതലാണ്​ ഈ ജോലികളിലെ സ്വദേശിവത്​കരണം നടപ്പാക്കി തുടങ്ങുക. വാഹന വില്‍പന‍, -​റെഡിമെയ്ഡ് , വീട്ടുപകരണം‍, പാത്രം കടകളിലാണ്​ സെപ്റ്റംബര്‍ 11 ലെ ആദ്യഘട്ടത്തിൽ നടപ്പാക്കുക​. ഇലക്ട്രോണിക് ഉപകരണം‍, വാച്ച് ‍, കണ്ണട കടകളിലെ സ്വദേശിവത്കണം നവംബര്‍ ഒമ്പതിന്​ പ്രാബല്യത്തിൽ വരും. മൂന്നാംഘട്ടത്തില്‍ 2019 ജനുവരി ഏഴ് മുതല്‍ മെഡിക്കല്‍ ഉപകരണം‍, കെട്ടിടനിര്‍മാണ വസ്തുക്കൾ‍, സ്പെയര്‍പാര്‍ട്സ്‍, കാര്‍പറ്റ്‍, മിഠായികടകളിലും ബാധകമാക്കും. ഷോപ്പിങ് മാളുകളിലുള്ള കടകള്‍ക്കും ഒറ്റപ്പെട്ട കടകള്‍ക്കും നിയമം ബാധകമാണ്. അതേസമയം വനിതവത്കരണത്തി​ന്റെ ഭാഗമായി സ്വദേശി വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സ്വദേശിവത്കരണം മാറ്റമില്ലാതെ തുടരുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

അതാത്​ മേഖല ഗവർണറേറ്റിന്​ കീഴിലെ സ്വദേശിവത്​കരണ നടപടികൾ നിശ്ചിത തീയതി ക്രമം അനുസരിച്ച്​ തുടരണമെന്നും തീരുമാനത്തിലുണ്ട്​. പുതിയ വിജ്​ഞാപനം നേരത്തെ സ്വദേശിവത്​കരണവുമായി ബന്ധപ്പെട്ട്​ പുറപ്പെടുവിച്ച തീരുമാനങ്ങൾക്ക്​ എതിരാകില്ലെന്നും വ്യക്​തമാക്കുന്നു. തൊഴിൽ, സാമൂഹിക വികസന വകുപ്പ്​, മാനവ വിഭവശേഷി ഫണ്ട്​, സോഷ്യൽ ​ഡവലപ്​മെന്റ് ബാങ്ക്​ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപവത്​കരിച്ച്​ സ്വദേശിവത്​കരണത്തിന്​ സാധ്യമായ പദ്ധതികൾ നടപ്പാക്കുക, നിയമലംഘനം നടത്തുന്നവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുക എന്നിവയും ഇതി​ന്റെ ഭാഗമാണെന്ന്​ വക്​താവ്​ കൂട്ടിച്ചേർത്തു. മൊബൈൽ വിൽപന, റിപ്പയറിങ്​, ജ്വല്ലറികൾ, മാളുകൾ എന്നിവിടങ്ങളിലെ ജോലികൾക്ക്​ പിന്നാലെയാണ്​ കൂടുതൽ മേഖലകളിലേക്ക്​ സ്വദേശിവത്​കരണം വ്യാപിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ