റിയാദ്: 2018 ന്റെ രണ്ടാം പകുതി വിദേശികൾക്ക് സൗദി പ്രവാസം കൈപ്പേറിയതാകും. സെപ്റ്റംബർ പതിനൊന്നോടെ മലയാളികൾ ഉൾപ്പടെ ലക്ഷക്കണക്കിന് വിദേശികൾ ജോലി ചെയ്യുന്ന പന്ത്രണ്ട് മേഖലകളാണ് സ്വദേശികൾക്കായി നിജപ്പെടുത്തുന്നത്. മെഡിക്കൽ ഉപകരണങ്ങൾ, കണ്ണട, വാച്ച്, വാഹന സ്പെയർ പാർട്സുകൾ, കെട്ടിട നിർമാണ വസ്തുക്കൾ, ഇലക്ട്രിക് ഉപകരണങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, മിഠായിക്കടകൾ, കാർപെറ്റ്, കാർ, മോട്ടോർ സൈക്കിൾ, ഓഫീസ് ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന കടകളിലാണ് സെപ്റ്റംബർ പതിനൊന്നോടെ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുക.

വിദേശികൾ കൂടുതലായി ജോലി ചെയ്യുന്ന മേഖലകളാണ് ഇവയെല്ലാം. സ്വർണ കടകൾ, മൊബൈൽ ഷോപ്പുകൾ, കാറുകൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ഇതിനകം സ്വദേശിവത്കരണം പൂർത്തിയായി. സ്വദേശികൾക്കായി സംവരണം ചെയ്യപ്പെട്ട ജോലികളിൽ വിദേശികൾ തൊഴിലെടുക്കുന്നത് ശ്രദ്ധിയിൽ പെട്ടാൽ ഇരുപതിനായിരം റിയാൽ പിഴയായി നൽകേണ്ടി വരും. തുടർന്ന് ജോലി ചെയ്തയാളും തൊഴിലുടമയും നിയമ നടപടികൾ നേരിടേണ്ടി വരും.

സൗദി അറേബ്യയിൽ സ്വകാര്യ മേഖലകളിൽ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ തൊഴിൽ നഷ്‌ടമായത്‌ നാലുലക്ഷത്തിലധികം വിദേശികൾക്കാണ്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. സെപ്റ്റംബറോടെ വിദേശികളായ തൊഴിൽ രഹിതരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകും. നിരവധി കുടുംബങ്ങളാണ് ഇതിനകം സൗദി വിട്ടത്. 2017 -18 ലെ വാർഷിക പരീക്ഷ കഴിയുന്നതോടെ കൂടുതൽ കുടുംബങ്ങൾ സൗദി അറേബ്യയോട് വിടപറയും. പുതിയ അധ്യയന വർഷം സ്വദേശത്ത് ആരംഭിക്കാൻ കുട്ടികളും മാതാപിതാക്കളും മാനസികമായി ഒരുങ്ങിക്കഴിഞ്ഞു. അതേസമയം നിലവിലെ അവസ്ഥയിൽ നിന്ന് മാറ്റമുണ്ടാകുമെന്നും സൗദിയിൽ തന്നെ തുടരാനാകുമെന്നും പ്രത്യാശിക്കുന്നവരും കുറവല്ല.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook