റിയാദ്: കാർ റെന്റൽ മേഖലയിലെ സ്വദേശിവൽക്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ആദ്യ ഘട്ടത്തിൽ പ്രധാനമായും കാർ റെന്റൽ സ്ഥാപനങ്ങളിലെ അഞ്ച്​ തസ്​തികകളാണ് പൂർണമായും സ്വദേശിവത്കരിക്കുന്നത്. സൂപര്‍വൈസര്‍, വില്‍പന വിഭാഗം, വാഹനം ഏറ്റെടുക്കല്‍, ഏല്‍പിച്ചുനല്‍കല്‍, അക്കൗണ്ടന്റ് ‍എന്നീ അഞ്ച്​ തസ്​തികകളാണ് സ്വദേശികൾക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നത്. ഇതൊഴികെയുള്ള തസ്തികകളിൽ വിദേശികളെ തുടരാൻ അനുവദിക്കും.

സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ജോലികളില്‍ വിദേശികളെ നിയമിച്ചാല്‍ നിയമലംഘനമായി പരിഗണിക്കുകയും പിഴയും ശിക്ഷയും ലഭിക്കുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 20,000 റിയാലാണ് പിഴ. നിയമലംഘനത്തിന്റെ തോത് അനുസരിച്ച് പിഴയും വർദ്ധിക്കും. ഇന്ത്യക്കാരടക്കം നിരവധി വിദേശതൊഴിലാളികളെയാണ് പുതിയ തീരുമാനം ബാധിക്കുക. മൊബൈൽ വിൽപന, റിപ്പയറിങ്​, ജ്വല്ലറികൾ, മാളുകൾ എന്നിവിടങ്ങളിലെ ജോലികൾക്ക്​ പിന്നാലെയാണ്​ കാർ റെന്റൽ സ്ഥാപനങ്ങളിൽ സ്വദേശിവത്​കരണം നടപ്പാക്കുന്നത്. കൂടുതൽ തൊഴിൽമേഖലകളിൽ കൂടി ഈ വർഷം സെപ്​റ്റംബർ മുതൽ സ്വദേശിവത്​കരണം നടപ്പാക്കും.

വാച്ച്​, കണ്ണട, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്​ട്രിക്കൽ വൈദ്യുതി ഉപകരണങ്ങൾ, വാഹന സ്​പെയർപാർട്​സ്​, കെട്ടിട നിർമാണ വസ്​തുക്കൾ, കാർപറ്റ്​, കാർ, മോട്ടോർ സൈക്കിൾ, ഫർണിച്ചർ, ഓഫീസ്​ ഉപകരണങ്ങൾ, റെഡിമെയ്​ഡ്​ വസ്​ത്രങ്ങൾ, കുട്ടികൾക്കുള്ള വസ്​ത്രങ്ങൾ, പുരുഷന്മാർക്ക്​ മാത്രമായ വസ്​തുക്കൾ, മിഠായി എന്നിവ വിൽക്കുന്ന കടകളിലെ ജോലികളാണ്​ സ്വദേശികൾക്ക്​ മാത്രമാക്കി ജനുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ചത്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ