റിയാദ്: സൗദി അറേബ്യയിൽ ചെറുകിട സ്ഥാപനങ്ങളിൽ വനിതാവത്ക്കരണം മൂന്നാം ഘട്ടം ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്ത്രീകളുടെ സൗന്ദര്യവർധക വസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന കടകളിലാണ് വനിതാവത്ക്കരണം. ഷോപ്പിങ് മാളുകൾക്ക് പുറത്തുമുള്ള എല്ലാ കടകൾക്കും നിയമം ബാധകമാണ്. രാജ്യത്തെ വനിതകൾക്ക് കൂടുതൽ തൊഴിലവസരം എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ പൂർണതയ്ക്ക് സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് തൊഴിലുടമകളോട് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ച് സർക്കാർ നിരവധി പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്. ധനസഹായം, പലിശ രഹിത ബാങ്ക് ലോണുകൾ, കുടിൽ വ്യവസായ വികസന കമ്മറ്റിയുടെ കീഴിൽ സ്ത്രീകൾക്ക് കച്ചവട ആവശ്യത്തിന് വാടക രഹിത സ്റ്റാളുകൾ, വിവിധ തരത്തിലുള്ള സബ്‌സിഡികൾ തുടങ്ങി എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. സർക്കാർ സഹായം കിട്ടി തുടങ്ങിയതോടെ ഭക്ഷണ വസ്തുക്കൾ, സുഖന്ധദ്രവ്യങ്ങൾ, ഫേസ് പൗഡർ, ഗിഫ്റ്റ് ഐറ്റംസുകൾ, പല തരത്തിലുള്ള സോപ്പുകൾ, പ്ലാസ്റ്റിക് നിർമിത പൂക്കൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് വീടുകളിൽ നിർമിച്ച് വിൽക്കുന്നതിന് പലയിടത്തായി സ്ത്രീകൾ സ്റ്റാളുകൾ ആരംഭിച്ചിട്ടുള്ളത്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുക, അപകടകരമായ കെമിക്കലുകളോ മായമോ ചേർക്കാത്ത ഉൽപന്നങ്ങളും ഭക്ഷണ പദാർത്ഥങ്ങളും വാങ്ങുക എന്നീ ലക്ഷ്യത്തോടെ സ്വദേശികളും വിദേശികളും സ്റ്റാളുകളിൽ എത്തുന്നുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook