scorecardresearch
Latest News

വിമതരെ ട്വിറ്ററില്‍ പിന്തുടര്‍ന്നു; സൗദി വനിതയ്ക്ക് 34 വര്‍ഷം തടവും യാത്രാ വിലക്കും

സ്ത്രീകളുടെ മേലുള്ള പുരുഷന്മാരുടെ രക്ഷാകർതൃ സമ്പ്രദായം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു സൽമ

വിമതരെ ട്വിറ്ററില്‍ പിന്തുടര്‍ന്നു; സൗദി വനിതയ്ക്ക് 34 വര്‍ഷം തടവും യാത്രാ വിലക്കും

റിയാദ്: വിമതരെ ട്വിറ്ററില്‍ പിന്തുടർന്നതിനും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തതിനും സൗദി വനിതയ്ക്ക് 34 വര്‍ഷം തടവ്. യുകെയിലെ ലീഡ്സ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ സല്‍മ അല്‍ ഷെഹാബിനെയാണ് ശിക്ഷിച്ചതെന്ന് രാജ്യാന്തര മാധ്യമമായ ദി ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വിധിയെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.

സൽമ അൽ-ഷെഹാബിനെ പ്രത്യേക തീവ്രവാദ കോടതി ആദ്യം മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. തിങ്കളാഴ്ചയാണ് 34 വര്‍ഷമായി ശിക്ഷ പരിഷ്കരിച്ചത്. 34 വര്‍ഷത്തെ യാത്രാ വിലക്കുമുണ്ട്. “സമൂഹത്തിനിടയില്‍ അശാന്തി പരത്തുന്നതിനും, ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിനും” ഷെഹാബ് ഇന്റർനെറ്റ് വെബ്‌സൈറ്റ് ഉപയോഗിച്ചതായി കോടതി പറഞ്ഞു.

ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷൻ, ദി ഫ്രീഡം ഇനിഷ്യേറ്റീവ്, യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ്, എഎല്‍ക്യുഎസ്ടി ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്നിവയുൾപ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകൾ വിധിയെ അപലപിക്കുകയും സല്‍മയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“സൽമയെ മോചിപ്പിക്കാൻ ഞങ്ങൾ സൗദി അധികാരികളോട് ആവശ്യപ്പെടുന്നു, കുട്ടികളെ പരിചരിക്കുന്നതിനും യുകെയില്‍ പഠനം പൂർത്തിയാക്കുന്നതിനും അവളെ അനുവദിക്കണം,” ദി ഫ്രീഡം ഇനിഷ്യേറ്റീവ് പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവർത്തിക്കുന്നവര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്യുന്നത് കുറ്റകരമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ട്വിറ്റർ അക്കൗണ്ടുകൾ പിന്തുടരുന്നതിലൂടെയും ട്വീറ്റുകൾ റീ ട്വീറ്റ് ചെയ്യുന്നതിലൂടെയും പൊതുസമൂഹത്തില്‍ ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഷെഹാബ് സഹായിക്കുന്നുവെന്ന് കോടതി രേഖകളില്‍ പറയുന്നതായും ഗാർഡിയൻ റിപ്പോർട്ടില്‍ പറയുന്നു. ട്വിറ്ററിൽ 2,597 ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 159 ഫോളോവേഴ്‌സുമുള്ള സല്‍മ രാജ്യത്തോ വിദേശത്തോ ഒരു പ്രമുഖയായ ആക്ടിവിസ്റ്റ് അല്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

“ഷിയാ മുസ്‌ലിം എന്ന നിലയിൽ സല്‍മയുടെ മതപരമായ വ്യക്തിത്വമാണ് അറസ്റ്റുചെയ്യുന്നതിനും കഠിനമായ ശിക്ഷ വിധിക്കുന്നതിനും കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു,” യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം പറഞ്ഞു.

ദന്തവൈദ്യശാസ്ത്രത്തില്‍ വിദഗ്ധ, ലീഡ്സ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥി, പ്രിന്‍സെസ് നൂറ സര്‍വകലാശാലയില്‍ അധ്യാപിക, കൂടാതെ വിവാഹതിയും രണ്ട് കുട്ടികളുമുള്ള വ്യക്തിയാണെന്നാണ് ബെർലിൻ ആസ്ഥാനമായുള്ള യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് സല്‍മയെ വിശേഷിപ്പിച്ചത്. യുകെയിലേക്ക് മടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജനുവരി 15 നാണ് സല്‍മയെ അറസ്റ്റ് ചെയ്തത്.

സമൂഹത്തിന്റെ സുരക്ഷയും സംസ്ഥാനത്തിന്റെ സുസ്ഥിരതയും തകർക്കുക, രാജ്യദ്രോഹ പ്രചാരണങ്ങള്‍, സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് സഹായം നൽകുക, ട്വിറ്ററിലൂടെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ സല്‍മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീകളുടെ മേലുള്ള പുരുഷന്മാരുടെ രക്ഷാകർതൃ സമ്പ്രദായം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു സൽമ.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Saudi woman sentenced to 34 years in prison for following dissidents on twitter