റിയാദ്: സൗദിയിൽ ട്രെയിൻ പാളം തെറ്റി 18 പേർക്ക് പരുക്കേറ്റു. റിയാദിൽ നിന്നും ദമാമിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. 193 യാത്രക്കാരും 6 ജീവനക്കാരുമാണ് ട്രെയിനിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സൗദിയിൽ തുടരുന്ന കനത്ത മഴയിൽ പാളത്തിന് പറ്റിയ കേടുപാടാണ് അപകടത്തിന് കാരണം. റിയാദില്‍ നിന്ന് രാത്രി 9.30ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍ പെട്ടത്. എന്‍ജിനും അതിനോട് ചേര്‍ന്നുള്ള അഞ്ചാം നമ്പര്‍ കോച്ചും പൂർണ്ണമായും മറിയുകയും മറ്റ് കോച്ചുകള്‍ പാളത്തില്‍ നിന്ന് തെന്നിമാറുകയും ചെയ്തു.

സംഭവമുണ്ടായ ഉടനെ പൊലീസ്, റെയില്‍വേ ഉദ്യോഗസ്ഥർ, സിവില്‍ ഡിഫന്‍സ് റെഡ്ക്രസന്റ് എന്നീ വകുപ്പുകൾ രക്ഷാപ്രവര്‍ത്തനത്തിനായെത്തി. 10 കിലോമീറ്റര്‍ അകലത്തിലുള്ള ദമാം റെയില്‍വേ സ്റ്റേഷനില്‍ അടിയന്തര സൗകര്യങ്ങളൊരുക്കി പരുക്കേറ്റ ആളുകളെയെല്ലാം അവിടെയത്തെിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം 18 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നും പരിക്ക് നിസാരമാണെന്നും സിവില്‍ ഡിഫന്‍സ് കിഴക്കന്‍ പ്രവിശ്യ വക്താവ് ഫഹദ് അല്‍ഗാംദി അറിയിച്ചു.

1.30 ഓടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം രാവിലെ 5.47 ഓടെയാണ് അവസാനിച്ചത് ട്രാക്കിന്റെ കേടുപാടുകൾ പരിഹരിച്ചതിന് ശേഷമേ ഗതാഗതം പുനഃരാരംഭിക്കുകയുള്ളൂ എന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ