റിയാദ് : വിപ്ലവകരമായ മാറ്റത്തിന് നാന്നി കുറിച്ച് വനിതകൾക്ക് വളയം പിടിക്കാൻ അനുമതി നൽകി സൗദി അറേബ്യയിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രഖ്യാപനം വന്നതോടെ ഗതാഗത നിയമ വ്യവസ്ഥയിൽ പരിഷ്കരണം വരുത്തി നിയമം നടപ്പിലാക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് മന്ത്രാലയങ്ങൾ.

സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാഫിക് നിയമങ്ങളും വ്യവസ്ഥകളും ഒരു പോലെയായിരിക്കും. ലൈസൻസ് ലഭിക്കാനുള്ള പ്രായം അന്തരാഷ്ട്ര തലത്തിൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാനുള്ള പ്രായമായ പതിനെട്ട് വയസ്സായിരിക്കും. ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ മൻസൂർ അൽ തുർക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചരിത്രപരമായ തീരുമാനം നടപ്പാക്കാൻ വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു എന്നും ഇതിനായി മറ്റ് വകുപ്പുകളോടും ഉന്നതാധികാര കമ്മറ്റികളോടുമൊപ്പം പ്രവർത്തിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി സുലൈമാൻ അൽ ഹംദാൻ പറഞ്ഞു. ഗതാഗത വകുപ്പിന്റെ അനുമതിയോടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ സ്ത്രീകളെ ഡ്രൈവിംഗ് പഠിപ്പിക്കാൻ വിദേശത്ത് നിന്നും പരിശീലകരെ കൊണ്ടുവരും. പരിശീലകർക്ക് അറബി ഭാഷ അറിയണം എന്നതിനാൽ ഈജിപ്ത് ,ജോർദാൻ, സുഡാൻ തുടങ്ങിയ അറബ് രാജ്യങ്ങളിൽ നിന്നായിരിക്കും ആദ്യ ഘട്ടത്തിൽ റിക്രൂട്ട് ചെയ്യുക. വിദ്യാര്ഥിനികൾക്കും അധ്യാപികമാർക്കും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കാനും നിരത്തിലിറങ്ങുന്നതിന് മുമ്പ് ഗതാഗത ബോധവൽക്കരണ ക്‌ളാസ്സുകൾ സംഘടിപ്പിക്കാനും ത്വാഇഫ് യൂണിവേഴ്സിറ്റി മേധാവി ഡോക്ടർ. ഹുസാൻ സമാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ