റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. അൽ ഖർജ് റോഡിൽ എക്സിറ്റ് 18 ന് സമീപം റോഡ് മുറിച്ച് കടക്കുകയായിരുന്ന മലയാളികളാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ തിരുവമ്പാടി, ബീച്ച് വാര്‍ഡ് സ്വദേശി വട്ടത്തില്‍ റോബിനാണ് (36) വാഹനം ഇടിച്ച് മരിച്ചത്. മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍.

ഇയാളോടൊപ്പമുണ്ടായിരുന്ന ആലപ്പുഴ സ്വദേശി രാജുമോന്‍, കൊല്ലം സ്വദേശി ഉണ്ണി എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. കൈകാലുകള്‍ക്കും തലയിലും പരുക്കേറ്റ ഇവര്‍ മന്‍ഫുഅ അല്‍ഈമാന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരിച്ച റോബിന്‍ രണ്ടര വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്ന് വന്നത്. ശേഷം നാട്ടില്‍ പോയിട്ടില്ല. ഉണ്ണിയും രാജുമോന്‍ വേറെ കമ്പനികളിലാണ് ജോലി ചെയ്യുന്നത്. വാരാന്ത്യ അവധി ദിനമായതിനാല്‍ മൂന്നുപേരും കൂടി റോബിന്റെ മുറിയിലത്തെുകയും അവിടെ സമയം ചെലവഴിക്കുകയും ചെയ്ത ശേഷം താമസസ്ഥലത്തേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അല്‍ ഖര്‍ജ് ഭാഗത്ത് നിന്നത്തെിയ ജി.എം.സി വാഹനം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട വാഹനം മുന്നിലുള്ള മറ്റൊരു വാഹനത്തിലും ചെന്നിടിച്ചു.

പൊലീസും റെഡ്ക്രസന്‍റുമാണ് ഇവരെ ആശുപത്രിയിലത്തെിച്ചത്. ഫ്ളോറന്‍സാണ് റോബിന്റെ പിതാവ്. ഫിലോമിന മാതാവും. ഭാര്യ: റോസ് മേരി. ഒരു പെണ്‍കുട്ടിയുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് നാട്ടുകാരനായ സലിം കുമാര്‍ അറിയിച്ചു. പരുക്കേറ്റ രാജുമോന്‍ റിയാദ് നവോദയ സാംസ്കാരിക വേദിയുടെ ഭാരവാഹി ഉദയകുമാറിന്റെ ബന്ധുവാണ്. പരുക്കേറ്റ രണ്ടുപേരെയും നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബുജി കടയ്ക്കല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook