മനാമ: ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സ്വദേശികള്‍ക്ക് പ്രോത്സാഹനം നല്‍കാനും സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് അര്‍ഹമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ശ്രമം ശക്തിപ്പെടുത്താനും ബഹ്‌റൈന്‍ മന്ത്രിസഭ തീരുമാനിച്ചു. മെയ് ദിനവേളയില്‍ രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും മന്ത്രിസഭ ആശംസ നേര്‍ന്നു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം. ബഹ്‌റൈന്റെ വളര്‍ച്ചയിലും പുരോഗതിയിലും തൊഴിലാളികള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അവരുടെ സേവനങ്ങളെ ഒരിക്കലും മറക്കാന്‍ കഴിയില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബഹ്‌റൈന്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

യുവാക്കളുടെ കഴിവുകള്‍ വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സമൂഹം നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വൈജ്ഞാനിക മേഖലയില്‍ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ‘മബറത്തുല്‍ ഖലീഫിയ്യ’ ഫൗണ്ടേഷന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ശൈഖ സൈന്‍ ബിന്‍ത് ഖാലിദ് ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ യുവാക്കളുടെ ശാക്തീകരണത്തിനായുള്ള ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും മന്ത്രിസഭ വാഗ്ദാനം ചെയ്തു.

രാജ്യത്തെ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്തുന്നതിന് നിക്ഷേപ പദ്ധതികള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാരമ്പര്യത്തിന്റെ അടയാളങ്ങളായ പ്രദേശങ്ങളും കെട്ടിടങ്ങളും തനിമയോടെ നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി മുഹറഖില്‍ പുതുതായി പണി കഴിപ്പിച്ച ‘ഖലീഫിയ്യ ലൈബ്രറി’ കെട്ടിടം ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

രാജ്യത്തെ മുഴുവന്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും സിവില്‍ സര്‍വീസ് ബ്യൂറോയുടെ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഉപരിപഠനം, പരിശീലനം എന്നിവക്ക് വിദേശത്തേക്ക് വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും അയക്കുന്നതിനുള്ള തീരുമാനമെടുക്കുന്നത് സിവില്‍ സര്‍വീസ് ബ്യൂറോയാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ നേരത്തെയെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്യൂറോ തീരുമാനങ്ങള്‍ നടപ്പാക്കുക.

സൈനിക വിമാനം തകര്‍ന്ന് അറബ് സംയുക്ത സേനയിലുള്‍പ്പെട്ട സൗദി സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാബിനറ്റ് സൗദി ഭരണാധികാരികള്‍ക്ക് അനുശോചനം അറിയിച്ചു. ഇറാഖില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഖത്തര്‍ പൗരന്‍മാരെ മോചിപ്പിച്ച സംഭവത്തില്‍ ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. രാജ്യത്തെ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിന് ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. സാമ്പത്തിക മേഖലയിലെ പ്രതിസന്ധികള്‍ സ്വദേശികളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തായ്‌ലന്റ് പ്രധാനമന്ത്രി പ്രയൂത് ചനോചയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത കാബിനറ്റ് ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കാനും ബന്ധം ശക്തമാക്കാനും ഇത് ഉപകരിക്കുമെന്ന് വിലയിരുത്തി. സാമ്പത്തിക, രാഷ്ട്രീയ, നിക്ഷേപ, വാണിജ്യ മേഖലകളില്‍ ബഹ്‌റൈനും തായ്‌ലന്റും തമ്മില്‍ സഹകരണക്കരാറുകള്‍ ഒപ്പുവെക്കുന്നത് ഇരുരാജ്യങ്ങളിലെയും ജനതകള്‍ക്ക് ഗുണകരമാകും. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫക്കുള്ള അറബ് ലീഗ് അവാര്‍ഡ് രാജ്യത്തിനാകെ ലഭിച്ച ആദരവാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ