റിയാദ്: അൽ ഖസീം ഹായിൽ പ്രവിശ്യകളിൽ മുഹറം ഒന്ന് മുതൽ സൗദിവൽക്കരണം നടപ്പാക്കും. രാജ്യത്ത് ഷോപ്പിങ് മാളുകളിൽ സമ്പൂർണ്ണ സൗദിവൽക്കരണം നടപ്പാക്കുന്നതിൽ തടസ്സങ്ങൾ ഒന്നുമില്ലെന്ന്‌ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അൽഖൈൽ പറഞ്ഞു. നിലവിലെ തൊഴിൽ വിപണിയിലെ സാഹചര്യങ്ങളും ഉദ്യോഗാർഥികളുടെ എണ്ണവും മറ്റും പരിശോധിച്ചും ഓരോ പ്രാവശ്യകളിലെയും സൗദിവൽക്കരണ കമ്മിറ്റികളുമായി ഏകോപനം നടത്തിയും മറ്റ് പ്രവശ്യകളിലെ മാളുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള സമയം നിശ്ചയിക്കും.

മാൾ സൗദിവൽക്കരണത്തിന് കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ല. മാൾ ഉടമകൾക്ക് മതിയായ സാവകാശം നൽകിയാണ് ഈ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കുക. മാളുകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് മാനവശേഷി വികസന നിധിയിൽനിന്ന് സഹായം നൽകും. മാളുകളിൽ സ്വന്തം നിലക്ക് സ്ഥാപനങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്ക് സോഷ്യൽ ഡെവലപ്പ്മെന്റ് ബാങ്കിൽ നിന്ന് സഹായം നൽകും. മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് വിദേശികളാണ് ഷോപ്പിങ് മാൾ മേഖലയിൽ ജോലി ചെയ്യുന്നത്.

ഷോപ്പിങ് മാളിനകത്തുള്ള ചെറുകിട സ്ഥാപനങ്ങളിലും വിദേശികളാണ് കൂടുതൽ ജോലി ചെയ്യുന്നത്. നിയമം മറ്റ് പ്രവിശ്യകളിലും പെട്ടെന്ന് പ്രാബല്യത്തിൽ വരികയാണെങ്കിൽ ഇന്ത്യക്കാരുൾപ്പടെ നിരവധി വിദേശികളുടെ ജോലി നഷ്ടമാകും. റിയാദ്, ജിദ്ദ, ദമാം ഉൾപ്പടെയുള്ള സൗദിയുടെ പ്രധാന വാണിജ്യ നഗരങ്ങളിൽ നിയമം എന്ന് മുതൽ നടപ്പിലാക്കുമെന്നും ഏതൊക്കെ മേഖലയിലാണ് സ്വദേശി വൽക്കരണമെന്നും അറിയാൻ ആശങ്കയോടെ കാത്തിരിക്കുകയാണ് വിദേശികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook