റിയാദ്: സൗദി അറേബ്യയുടെ 88-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി അറിയിച്ചു. കുട്ടികളും മുതിർന്നവരും സ്വദേശികളും വിദേശികളും ഉൾപ്പടെ രാജ്യം ഉത്സവ ലഹരിയിലാണ്. വ്യാഴാഴ്ച ആരംഭിച്ച വാരാന്ത്യ അവധിയോടെ ആഘോഷങ്ങൾക്ക് തിരശീല ഉയർന്നു.

പാർക്കുകളും തെരുവുകളും പച്ച നിറമണിഞ്ഞു. സ്‌കൂളുകളിലും, യൂണിവേഴ്സിറ്റികളിലും പഠിതാക്കൾക്കായി വിവിധയിനം ആഘോഷങ്ങളുണ്ടാകും. ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ, വെടിക്കെട്ടുകൾ, സംഗീത നിശകൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറും. സൗദി അറേബ്യയിലെ പൈതൃക നഗരമായ ദിരിയ്യയിൽ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ രാത്രി 11 വരെയുണ്ടാകും. സെപ്റ്റംബർ 23 ഞായറാഴ്ച വരെ പരിപാടികൾ തുടരും.

സൗദി അറേബ്യയുടെ ചരിത്രവും ശ്രദ്ധേയമായ നേട്ടങ്ങളും ഉയർത്തിക്കാണിക്കുന്ന പരിപാടികളാണ് പ്രധാനം. സൗദി അറേബ്യയിലെ നാടൻ നൃത്തം (അർദ) നിരവധി വേദികളിൽ അരങ്ങേറും. ദരിയ്യയിൽ ഞായറാഴ്ച രാത്രി മണി മുതൽ10.30 വരെ ആകാശത്ത് വിസ്മയം തീർക്കും വിധം വെടിക്കെട്ടുകളുണ്ടാകും. തലസ്ഥാന നഗരത്തോടൊപ്പം ഇതര ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾക്ക് വേദിയുണർന്നു കഴിഞ്ഞു. റിയാദിനോട് ചേർന്നുള്ള അൽഖർജ്, മജ്മഅ, അഫ്ലാജ്, താദിഖ് പട്ടണങ്ങളിൽ നാടകം, കാവ്യസായഹ്നം, കാവ്യാലാപന മത്സരം, കുട്ടികൾക്കും വനിതകൾക്കും മാത്രമായ വിവിധ പരിപാടികൾ, അനാഥകളും വിഭിന്നശേഷിക്കാരുമായവർക്കുള്ള വിവിധ ആഘോഷങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ തുടങ്ങിയവ അരങ്ങേറ്റം കുറിച്ചു.

ജിദ്ദയിൽ പാരമ്പര്യ സൗദി സംഗീത പരിപാടിയായ ‘നഗ്മത് വത്തൻ’ ശനിയാഴ്ച അരങ്ങേറും. സൗദി അറേബ്യൻ നാഗരിക സംസ്കാരത്തിന്റെ പൈതൃകവും പരിണാമവും കലാസാംസ്കാരിക വികാസവും സംഗീതത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ പരിപാടി. രാജ്യത്ത് അറിയപ്പെടുന്ന യുവ ഗായകർ അണിനിരക്കും. തബൂക്കിൽ ഞായർ, തിങ്കൾ ദിവസങ്ങളിലാണ് കാവ്യസായാഹ്നം, നാടോടി കലാരാവ്, വിവിധ രചനാമത്സരങ്ങൾ തുടങ്ങിയ സാംസ്കാരിക പരിപാടികൾ. അൽഅഹ്സയിൽ ഞായറാഴ്ചയും 27നും ‘ലിൽ വത്വൻ മാവെദ്’, തിങ്കളാഴ്ച ബുറൈദയിൽ ‘യാ ദാർ നെസ്തഹലക്’, ത്വാഇഫിൽ ‘ഓസിയാത് വത്തൻ’, ജീസാനിൽ ‘ലൈലത്ത് അഫ്ലാൻ’ (സിനിമകളുടെ രാവ്), നജ്റാനിൽ ‘ഖാലോ ആൻ അൽവത്തൻ’ (കവിയരങ്ങ്), അൗജൗഫിൽ ‘ഇഹ്തിഫാലിയത്ത് വത്തൻ’ തുടങ്ങിയ പരിപാടികളും 23നും 27നും ഇടയിൽ നടക്കും.

റിയാദിൽ ആക്രബാറ്റിക്സ് ഡാൻസ്

ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യ ആകർഷണ ഇനമായി ലോക പ്രശസ്ത ആക്രബാറ്റിക്സ് ഡാൻസ് കമ്പനി ‘സിർക്യു ഡു സോലിയിലി’ന്റെ വിസ്മയ പ്രകടനം റിയാദ് കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ അരങ്ങേറും. 80 കലാകാരന്മാർ അണിനിരക്കുന്ന മെയ്യഭ്യാസ നടന പരിപാടി സൗദി ടെലിവിഷൻ തത്സമയം സംപ്രേഷണം ചെയ്യും. അരങ്ങിൽ സൗദിയുടെ പാരമ്പര്യ വേഷവിധാനങ്ങളുൾപ്പെടെ 250 ഓളം വസ്ത്രാലങ്കാരങ്ങളിൽ കലാകാരന്മാർ പ്രത്യക്ഷപ്പെടും.

സൗദി ചലച്ചിത്രം ‘ജൂദ്’ ഇത്റയിൽ ഇന്ന് മുതൽ

സൗദി അറേബ്യയുടെ സ്വന്തം ചലച്ചിത്രമായ ‘ജൂദ്’ വെള്ളി മുതൽ ഞായർ വരെ ദമാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്റ)യിൽ പ്രദർശിപ്പിക്കും. ഇത്റ തന്നെ നിർമിച്ച ഈ ചിത്രം ഇതാദ്യമായി സ്വന്തം സിനിമാശാലയിൽ പ്രദർശനത്തിന് എത്തുന്നത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ്. സൗദി ജീവിതത്തിന്റെ കാഴ്ചപ്പതിപ്പാണ് ‘ജൂദ്’. സാംസ്കാരിക വൈവിധ്യത്തിന് പുറമെ ഭൂപ്രകൃതി, ജീവിത രീതി, പാരമ്പര്യം, പൗരാണികതയില്‍ നിന്ന് പുരോഗതിയിലേക്കുള്ള വളര്‍ച്ച, പെട്രോള്‍ കണ്ടെത്തിയ സാഹചര്യം, അതിന് ശേഷമുള്ള സാമ്പത്തിക കുതിപ്പ് തുടങ്ങി വിവിധ വിഷയങ്ങള്‍ സിനിമയുടെ ഇതിവൃത്തമാണ്. അറബ് ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഉദാത്തമായ അറബി കാവ്യങ്ങളുടെ അഭ്രാവിഷ്കാരം കൂടിയാണ് സിനിമ. രാജ്യത്തെ കുറിച്ചു ഒരു രത്നചുരുക്കമാണ് ‘ജൂദ്’ എന്ന് സിനിമയുടെ നിർമ്മാതാവും ഇത്റ പ്രോഗ്രാം ഡയക്ടറുമായ അബ്ദുല്ല അൽഅയ്യാഫ് പറഞ്ഞു. ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളികളായ സൗദി ചലച്ചിത്രകാരന്മാർക്ക് ലോക സിനിമയിലെ അറിയപ്പെടുന്ന വിദഗ്ധരോടൊപ്പം ജോലി ചെയ്യാനുള്ള സുവർണാവസരമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്റയിലെ പ്രദര്‍ശനം സൗജന്യമാണെന്ന് സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ ഓഡിയോ വിഷ്വല്‍ അതോറിറ്റി വ്യക്തമാക്കി. ദേശീയ ദിനത്തില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ