റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നതിനു സൗദി അറേബ്യ സ്വന്തം പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളുടെ കാര്യത്തിലാണ് നിരോധനം സൗദി ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്.
ഇന്ത്യയ്ക്കു പുറമെ എത്യോപ്യ, തുര്‍ക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള നിരോധനവും നീക്കിയതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. ഈ നാല് രാജ്യങ്ങളിലേക്കു സൗദി പൗരന്മാര് നേരിട്ടോ മറ്റു രാജ്യങ്ങള്‍ വഴിയോ യാത്ര ചെയ്യുന്നതിനാണു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കാണു സൗദി അറേബ്യ പൗരന്മാരുടെ വിലക്കേര്‍പ്പെടുത്തിയത്. സിറിയ, ലെബനന്, തുര്‍ക്കി, ഇറാന്, അഫ്ഗാനിസ്ഥാന്, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനിസ്വേല എന്നാണ് ഈ പട്ടികയിൽ ഇന്ത്യ കൂടാതെയുണ്ടായിരുന്ന രാജ്യങ്ങൾ.
Also Read: ഇടിമിന്നൽ കൊലയാളി ആവുന്നതെങ്ങനെ? എങ്ങനെ സുരക്ഷിതരാകാം?
ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളിലെയും ആഗോളതലത്തിലെയും പകര്‍ച്ചവ്യാധി സാഹചര്യവും ആരോഗ്യ അധികൃതര്‍ സമര്‍പ്പിച്ച റിപ്പോര്ട്ടവും കണക്കിലെടുത്താണ് സൗദി ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ നിരോധനം നീക്കിയിരിക്കുന്നത്.
അടച്ചിട്ട സ്ഥലങ്ങളില്‍ മുഖംമൂടി ധരിക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെയുള്ള കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കുന്നതായി സൗദി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ഹജ്ജ് ചടങ്ങുകള്‍ക്കായി തീര്‍ഥാടകരെ സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണു സൗദി.