റിയാദ്: സൗദിയിൽ ഊർജ, ജല ശുദ്ധീകരണ കേന്ദ്രങ്ങൾക്ക് യെമനിലെ ഹൂഥി വിമതർ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് ഒരു റിഫൈനറിയിലെ ഉൽപാദനത്തിൽ താൽക്കാലിക ഇടിവുണ്ടാക്കിയെങ്കിലും ആളപായമുണ്ടായില്ലെന്ന് സൗദി ഊർജ മന്ത്രാലയവും സ്റ്റേറ്റ് മീഡിയയും അറിയിച്ചു.
തെക്കൻ ജിസാൻ മേഖലയിലെ പെട്രോളിയം ഉൽപന്ന വിതരണ ടെർമിനൽ, പ്രകൃതി വാതക പ്ലാന്റ്, ചെങ്കടൽ തുറമുഖമായ യാൻബുവിലെ യാസ്റഫ് റിഫൈനറി എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യാസ്റെഫ് കേന്ദ്രത്തിൽ ആക്രമണം കാരണം റിഫൈനറിയുടെ ഉൽപ്പാദനത്തിൽ താൽക്കാലിക കുറവുണ്ടായെന്നും പ്രസ്താവനയിൽ പറയുന്നു.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ആയാണ് ആക്രമണങ്ങൾ. ഞായറാഴ്ച, ജിദ്ദയിൽ അരാംകോയുടെ മറ്റൊരു വിതരണ പ്ലാന്റ് ആക്രമിക്കപ്പെട്ടു. ആക്രമണത്തിൽ ഒരു ടാങ്കിന് തീപിടിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. തീ നിയന്ത്രണവിധേയമായതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.