റിയാദ്: സൗദി അറേബ്യയിലെ വിദേശികൾക്ക് സന്തോഷവാർത്ത ഉടനുണ്ടാകുമെന്ന് സൗദി തൊഴിൽ മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ റാജി. 2019 ജനുവരി മുതൽ ആശ്രിതർക്കുള്ള കൂടിയ ലെവി നിലവിൽ വരുന്നതിന്റെ തൊട്ടു മുമ്പുള്ള മന്ത്രിയുടെ അറിയിപ്പ് വലിയ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാണുന്നത്. സ്‌കൂൾ ഫീസ് പോലും അടക്കാനാകാതെ പ്രവാസി കുടുംബങ്ങൾ ബുദ്ധിമുട്ടുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ് മലയാളം റിയാദ് ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ലെവിയിൽ ഇളവ് വരുത്തുമോ, പൂർണ്ണമായി പിൻവലിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കുടുംബ ലെവിയുടെ കാര്യത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വിപണിയിൽ വലിയ ഉണർവുണ്ടാക്കും. ഈ അധ്യയനവർഷം അവസാനിക്കുന്നതോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ് പല കുടുംബങ്ങളും. എന്നാൽ ലെവിയിൽ കാര്യമായ മാറ്റങ്ങളുണ്ടായാൽ പലരും സൗദിയിൽ തന്നെ തുടരും. അങ്ങനെ സംഭവിച്ചാൽ വിപണിയിലുണ്ടാകുന്ന ചലനത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് സ്വദേശി സംരംഭകർ.

വിദേശി കുടുംബങ്ങൾ മടങ്ങാതെ സൗദിയിൽ തന്നെ തുടർന്നാൽ തൊഴിൽ രംഗത്തുള്ള പ്രതിസന്ധിക്കും ഒരു പരിധിവരെ പരിഹാരമാകും. അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന ചെറുകിട കച്ചവടക്കാർക്കും ഇത് ആശ്വാസമാകും.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook