ജിദ്ദ: സൽമാൻ രാജാവിന്റെ ബോഡിഗാർഡ് വെടിയേറ്റു മരിച്ചു. സുഹൃത്തിന്റെ വീട്ടിൽവച്ചാണ് മേജർ ജനറൽ അബ്ദുൽ അസീസ് അൽ ഫഗ്ഹം കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
ജിദ്ദയിലുളള സുഹൃത്ത് ഫൈസൽ ബിൻ അബ്ദുൾഅസീസ് അൽ സബ്തിയുടെ വീട്ടിലെത്തിയതായിരുന്നു മേജർ ജനറൽ അബ്ദുൽ അസീസ് അൽ ഫഗ്ഹം. ഈ സമയം ഇരുവരുടെയും സുഹൃത്തായ മംദൂഹ് ബിൻ മിശ്അൽ അൽ അലി അവിടേക്ക് എത്തി. സംസാരത്തിനിടയിൽ അൽ ഫഗ്ഹമും അൽ അലിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ദേഷ്യത്തോടെ ഇറങ്ങിപ്പോയ അൽ അലി തോക്കുമായി തിരിച്ചെത്തി അൽ ഫഗ്ഹമിനു നേരെ വെടിയുതിർത്തു. വീട്ടുജോലിക്കാരനായ ഫിലിപ്പൈൻ സ്വദേശിക്കും അൽ സബ്തിയുടെ സഹോദരൻ തുർക്കി സബ്തിക്കും വെടിവയ്പിൽ പരുക്കേറ്റു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. പൊലീസിനുനേരെ പ്രതി വെടിവച്ചു. പൊലീസ് തിരിച്ചു നടത്തിയ വെടിവയ്പിൽ പ്രതി കൊല്ലപ്പെട്ടു.വെടിവയ്പിൽ അഞ്ചു സുരക്ഷാ സൈനികർക്കും പരുക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയേറ്റ അൽ ഫഗ്ഹമിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചുളള അന്വേഷണം പുരോഗമിക്കുകയാണെന്നു മക്കാ പൊലീസ് വക്താവ് അറിയിച്ചു.
അബ്ദുല്ല രാജാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു അബ്ദുൽ അസീസ് അൽ ഫഗ്ഹം. പിന്നീട് സൽമാൻ രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. വേൾഡ് അക്കാദമി ഫോർ ട്രെയിനിങ് ആന്റ് ഡെവലപ്‌മെന്റ് ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാർഡായി അബ്ദുൽ അസീസ് അൽ ഫഗ്ഹമിനെ തിരഞ്ഞെടുത്തിട്ടുണ്ട്. സൽമാൻ രാജാവിന്റെ യാത്രകളിലെല്ലാം ഫഗ്ഹം കൂടെയുണ്ടാകുമായിരുന്നു. കബറടക്കം ഇന്ന് മക്കയിലെ മസ്ജിദുൽ ഹറമിൽ നടക്കും.