ജിദ്ദ: സൗദി കിരീടാവകാശിയും, പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ മുന്നറിയിപ്പില്ലാത്ത സന്ദർശനം ജിദ്ദയിലെ ഒരു ഡിസാലനൈസേഷൻ വാട്ടർ പ്ലാന്റിലെ ജീവനക്കാരെ ആശ്ചര്യപ്പെടുത്തി. ഉൽപ്പാദനച്ചെലവിൽ വർദ്ധനവ് വരുത്താതെ 35 ലക്ഷം ക്യൂബിക് മീറ്ററിൽ നിന്നും 50 ലക്ഷം ക്യൂബിക് മീറ്ററാക്കി കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഉദ്പ്പാദനം വർധിപ്പിച്ച ജീവനാക്കാരുടെ കാര്യക്ഷമതയെ കിരീടാവകാശി അഭിനന്ദിച്ചു.

ഈ ഉൽപ്പാദന വർദ്ധനവും, കാര്യക്ഷമതയും, രാജ്യത്തിന്റെ അഭിമാന പദ്ധതികളായ “വിഷൻ 2030”, “ദേശീയ പരിവർത്തന പദ്ധതി 2020 ” എന്നിവയോടുള്ള ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും പ്രതിബദ്ധതക്കുള്ള തെളിവാണെന്ന് കിരീടാവകാശി പറഞ്ഞു. ബുധനാഴ്‌ച രാത്രിയാണ് ജിദ്ദയിലെ ഡീസലാനൈസേഷൻ വാട്ടർ പ്ലാന്റിൽ മുഹമ്മദ് ബിൻ സൽമാൻ മിന്നൽ പര്യടനം നടത്തിയത്.

“ഉത്പാദനച്ചെലവിൽ ഒരു റിയാലിന്റെ വർദ്ധനവ് വരുത്താതെ ഉത്പാദനക്ഷമത വർദ്ധിപ്പിച്ചതിന് മുഴുവൻ വാട്ടർ പ്ലാന്റുകളിലെയും ജീവനക്കാരോട് രാജ്യത്തിന്റെ നന്ദി അറിയിക്കാനാണ് ഇങ്ങിനെ ഒരു മിന്നൽ പര്യടനം നടത്തിയത്” എന്ന് മുഹമ്മദ് ബിൻ സൽമാൻ അവിടെയുണ്ടായിരുന്ന പ്ലാന്റ് ഓപ്പറേറ്റർമാരോട് പറഞ്ഞതായി ‘അൽ അറബിയ’ പത്രം റിപ്പോർട്ട് ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ